പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തി ജീവിതനൈരാശ്യംമൂലം ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ജനങ്ങളെ മുഴുവന്‍ ദുരിതത്തിലാക്കി  ഹര്‍ത്താല്‍ നടത്തിയത്  എന്തിനാണെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
  ഡോക്ടറും മജിസ്ട്രേറ്റും ചേര്‍ന്ന്  ആത്മഹൂതി ചെയ്ത വ്യക്തിയുടെ മരണമൊഴി എടുത്തപ്പോള്‍  ജീവിതം മടുത്തതിനാലാണ് ആത്മഹത്യയെന്ന് പറയുന്നുണ്ട്. ആത്മഹത്യയെപ്പോലും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന നെറികേടാണ് ബി.ജെ.പിയുടേത്. ഇതിലൂടെ പുറത്ത് വന്നത്   ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണ്. 

ശബരിമല വിഷയത്തിലെ കപട ആത്മാര്‍ത്ഥയാണ് ഇത്തരം ഹീനപ്രവര്‍ത്തികള്‍ക്ക് ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. ശബരിമല വിഷയത്തെ സുവര്‍ണ്ണാവസരമായി കണ്ട് സംസ്ഥാനത്ത് ബലിദാനികളെ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ജനദ്രോഹ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ വ്യക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.