ബംഗളുരു:കര്‍ണ്ണാടകത്തില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ് 11 പേര്‍ മരിച്ചു. ചാമരാജനഗറില്‍ സുല്‍വാഡി ഗ്രാമത്തിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 80ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പലരുടേയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറുകണക്കിന് കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.ഭക്ഷണത്തില്‍ വിഷബാധയുണ്ടായത് ആസൂത്രിതമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
രാവിലെ പത്തരയോടെ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകളുടെ ഭാഗമായി  വിതരണം ചെയ്ത പ്രസാദം കഴിച്ചതിനെത്തുടര്‍ന്ന് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇങ്ങനെ പുറത്തുനിന്നും കൊണ്ടുവന്ന ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.