കൊച്ചി:വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.പങ്കെടുക്കാതിരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതിയെ നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. വനിതാ മതിലിനെതിരായ പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത് .ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രളയ പുനരുദ്ധാരണത്തിന് വലിയ തുക ആവശ്യമില്ലേയെന്നും  സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനാണെന്നും കോടതി ചോദിച്ചു.സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്.വനിതാ മതിലും ഇത്തരം പ്രചാരണത്തിന്റെ ഭാഗമാണ്.സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ആയതിനാല്‍ ഇത്തരം ക്യാമ്പയിനുകള്‍ക്ക് നീക്കിവച്ച പണം ഉപയോഗിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി.
അതേസമയം 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന് കോടതി പറഞ്ഞു.അധ്യാപകര്‍ പങ്കെടുക്കുമ്പോഴും കുട്ടികളെയും കൂട്ടാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശമെന്നും കോടതി പറഞ്ഞു.