കോതമംഗലം:കോതമംഗലം പള്ളിയിലെ പ്രശ്നങ്ങളില്‍ സമവായത്തിന് തയ്യാറാവാതെ ഇരുവിഭാഗവും ഉറച്ചു നില്ക്കുന്നു.ഇന്നലെ വൈകുന്നേരം മുതല്‍ പള്ളിക്കു പുറത്ത് വിശ്വാസികള്‍ തടഞ്ഞ തോമസ് പോള്‍ കോടതി വിധി നടപ്പാക്കുന്നത് വരെ കോതമംഗലം പള്ളിയില്‍ നിന്ന് മടങ്ങില്ലെന്നറിയിച്ചിരിക്കുകയാണ്.പള്ളിക്ക് പുറത്ത് ഇപ്പോഴും വന്‍ പോലീസ് സന്നാഹവും പ്രതിഷേധക്കാരും നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ശാരീരീകാസ്വാസ്ഥ്യത്തെത്തുടര്ന്ന് റമ്പാന്റെ ഡ്രൈവറെ ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റമ്പാനും 4 ഓര്‍ത്തഡോക്സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ നൂറുകണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി പ്രതിഷേധം നടത്തിയിരുന്നു. ആരാധനാ അവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് റമ്പാനായ തോമസ് പോള്‍ ആരാധന നടത്താന്‍ എത്തിയതോടെ ഇന്നലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു.കോടതി വിധി നടപ്പാക്കാനാണ് റമ്പാന് എത്തിയത്.രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പോലീസ് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു.
റമ്പാന് ഇരിക്കുന്ന വാഹനത്തിന് ചുറ്റും വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്. പുറത്ത് ഇറങ്ങരുതെന്ന് പോലീസ് വൈദികന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മടങ്ങിപ്പോകില്ലെന്ന നിലപാടിലാണ് റമ്പാന്.അ സഭ്യവര്ഷങ്ങളുമായാണ് യാക്കോബൈറ്റ് വിശ്വാസികള്‍ വൈദികനെതിരെ പ്രതിഷേധിക്കുന്നത്. എത്ര നേരം വേണമെങ്കിലും കാത്തിരിക്കാമെന്ന നിലപാടിലാണ് റമ്പാന്. അതേ സമയം പള്ളിയ്ക്ക് ചുറ്റും വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.