തിരുവനന്തപുരം:ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍.കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ് ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയതെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞു.അന്ന് ജേക്കബ് പുന്നൂസായിരുന്നു സംസ്ഥാന പോലീസ് മേധാവിയെന്നും സെന്‍കുമാര്‍ പറഞ്ഞു.തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമത്തില്‍ സംസാരിക്കുമ്പോഴാണ് സെന്‍കുമാര്‍ ഇതു പറഞ്ഞത്.
കഴിഞ്ഞദിവസം ശബരിമല കര്‍മ്മസമിതിയും ബിജെപിയും സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ സെന്‍കുമാര്‍ പങ്കെടുത്തിരുന്നു.സത്യം പറഞ്ഞാല്‍ സംഘി ആകുമെങ്കില്‍ എല്ലാവരും സംഘിയാകുമെന്നും നരേന്ദ്രമോദി ഭരണം തുടര്‍ന്നാല്‍ ഇന്ത്യയില്‍ ദാരിദ്രം ഉണ്ടാകില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ വച്ച് പ്രമുഖരുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണമുണ്ട്.സോളാര്‍ വിഷയം കത്തിനിന്ന സമയത്ത് രാഷ്ട്രീയക്കാരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍കോളുകള്‍ വ്യാപകമായി ചോര്‍ത്തിയെന്നും ആരോപണമുണ്ട്.