തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് തീവ്ര ഹിന്ദുത്വനിലപാടെന്നും ഇത് ആപത്കരമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.തീവ്ര ഹിന്ദുത്വ നിലപാടിലൂടെ മാത്രമേ ആര്‍എസ്എസ്സിനെ നേരിടാനാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
വനിതാ മതിലിന്റെ ഉദ്ദേശം എന്തെന്ന് വിഎസ്സിനെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. വനിതാമതിലിനെക്കുറിച്ച് താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതെ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും ചെന്നിത്തല പറഞ്ഞു.സംഘാടകര്‍ക്ക് പോലും വനിതാ മതില്‍ എന്തിന് വേണ്ടിയെന്ന് കൃത്യതയില്ല.വനിതാ മതിലിനായി വ്യാപകമായ പണപ്പിരിവ് നടക്കുന്നു.ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് സ്ത്രീ പീഡനങ്ങള്‍ കൂടിയതെന്നും അങ്ങനെ ഉള്ളവരാണ് സ്ത്രീ സംരക്ഷണം പറഞ്ഞ് ഇറങ്ങുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.