ന്യൂ ഡല്‍ഹി : ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകനായ യോഗേഷ് സപ്കാലയാണ് ഇതേക്കുറിച്ച് ആര്‍ബിഐക്ക് വിവരാവകാശം സമര്‍പ്പിച്ചത്.

ആര്‍ബിഐ നല്‍കിയ രേഖ പ്രകാരം 2017 ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാരാണ് ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന ഔദ്യോഗിക വിജ്ഞാപനം ഇറക്കിയത്. പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും ആധാര്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദ്ദേശവും ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

ആധാര്‍ കാര്‍ഡിന്റെ ഉപയോഗത്തില്‍ കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിന് കോടതിയുടെ അനുമതി തേടിയിട്ടുണ്ടോ എന്നും വിവരാവകാശത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു അനുമതി തേടിയിട്ടില്ല എന്ന് ആര്‍ബിഐ വ്യക്തമാക്കി.