കൊച്ചി:ബലാല്‍സംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകിപ്പിച്ച് കന്യാസ്ത്രീകളെ തെരുവിലേക്കിറക്കിയ സര്‍ക്കാര്‍ കേസില്‍ വീണ്ടും അനാസ്ഥ കാണിക്കുന്നു.പീഡനക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ ഇതുവരെ നിയമിക്കാത്തതുകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെന്നാണ് സൂചനകള്‍. പ്രോസിക്യൂട്ടറെ നിയമിക്കാത്തത് ഉന്നതരുടെ സ്വാധീനം കൊണ്ടാണെന്നാരോപിച്ച് സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തെത്തി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീമാര്‍ പറഞ്ഞു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.അതും കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ ഉപവാസ സമരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പിന്നീട് ഫ്രാങ്കോ ജാമ്യത്തിലിറങ്ങി.മൂന്നു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ല.അന്വേഷണ സംഘം നവംബറില്‍ കുറ്റപത്രം തയ്യാറാക്കി.എന്നാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയൂ.സര്‍ക്കാരിന്റെ അലംഭാവം വീണ്ടും കന്യാസ്ത്രീകളെ തെരുവിലിറങ്ങാന്‍ പ്രേരിപ്പിക്കുകയാണ്.