കാസര്‍കോട്:ഉദുമയ്ക്കടുത്ത് ചേറ്റുകുണ്ടില്‍ വനിതാമതിലിനിടെ സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.വനിതാ മതിലിനായി അണിചേര്‍ന്നവരെ അതിന് അനുവദിക്കാതെ ഒരു വിഭാഗം ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി റോഡ് കയ്യേറി.തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറ് നടന്നു.തുടര്‍ന്ന് റെയില്‍ പാളത്തിന് സമീപത്തെ പുല്ലില്‍ പ്രതിഷേധക്കാര്‍ തീയിട്ടു.പ്രദേശത്ത് വനിതാമതില്‍ തീര്‍ക്കാന്‍ കഴിയാതെ സ്ത്രീകള്‍ അവിടെനിന്നും മാറിപ്പോയി.തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.
ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മനോരമ ന്യൂസിലേയും 24 ന്യൂസിലേയും മാധയമപ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്.ക്യാമറകളും തകര്‍ത്തു.ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍നിന്നും പിടിച്ചു വാങ്ങി.ആക്രമണത്തില്‍ ഒരു സ്ത്രീക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.വന്‍ പോലീസ് സംഘം സ്ഥലത്തു നിലയുറപ്പിച്ചിട്ടുണ്ട്.