തിരുവനന്തപുരം:ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ പന്തളത്തുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റു മരിച്ച ശബരിമല കര്‍മ്മസമിതി പ്രവര്ത്തകന് ചന്ദ്രനുണ്ണിത്താന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി.ഹൃദയാഘാതമുണ്ടായത് ആശുപത്രിയിലെത്തിച്ച ശേഷമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം ഓഫീസിനു മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരുക്കേറ്റാണ് കുരമ്പാല സ്വദേശിയായ ചന്ദ്രന് ഉണ്ണിത്താന് മരിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചന്ദ്രന് ഉണ്ണിത്താന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍.
എന്നാല്‍ തലയ്ക്കേറ്റ ആഘാതമല്ല മറിച്ച് ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ചന്ദ്രന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി.മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയത്തേക്ക് മാറ്റും.ചന്ദ്രന്റെ മരണത്തിനുത്തരവാദികള്‍ സംഘര്‍ഷസ്ഥലത്ത് നിസംഗരായി നിന്ന പോലീസുകാരാണെന്ന് കുടുംബം ആരോപിച്ചിരുന്നു.പോലീസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്നും അവര്‍ പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ രാത്രിതന്നെ രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.കടയ്ക്കാട് സ്വദേശി ആശാരി കണ്ണന് എന്നു വിളിക്കുന്ന കണ്ണന്, മുട്ടാര്‍ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.