ശബരിമല:ശ്രീലങ്കയില്‍ നിന്നെത്തിയ 47 കാരിയായ ശശികല മലചവിട്ടിയെന്ന് സ്ഥിരീകരണം. ഇവര്‍ ക്ഷേത്ര സന്നിധിയില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങളില്‍ കാണുന്നതുപോലെ ഇവര്‍ ശബരിമല ദര്‍ശനം നടത്തിയെന്ന വാര്‍ത്ത പോലീസും സ്ഥിരീകരിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് തന്നെ വിവരം പുറത്തുവിടാതിരുന്നതാണെന്നു കരുതാം.
ദര്‍ശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടംവരെ എത്തി തിരിച്ചിറങ്ങിയെന്നുമാണ് ശശികലയുടെ ഭര്‍ത്താവ് അറിയിച്ചത്.ഇന്നലെ 7 മണിയോടെ പമ്പയിലെത്തിയ ഇവരെ മരക്കൂട്ടത്തുവച്ചു പ്രതിഷേധക്കാര്‍ തടഞ്ഞുവെന്നും അതിനാലാണ് തിരിച്ചിറക്കിയതെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ താന്‍ വ്രതമെടുത്തു വന്നതാണെന്നും തന്റെ ശര്ഭാശയം നീക്കം ചെയ്തതാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. പോലീസ് തന്നെ തിരിച്ചിറക്കിയെന്നാണ് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.
അയ്യപ്പവേഷത്തിലും മഫ്ത്തിയിലും പോലീസ് ഇവരെ അനുഗമിച്ചാണ് വളരെ ജാഗ്രതയോടെ ശശികലയെ സന്നിധാനത്തെത്തിച്ചത്.സന്നിധാനത്തും പോലീസിന്റെ കൃത്യമായ സുരക്ഷയോടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്.പ്രതിഷേധക്കാര്‍ ഇവരെ തിരിച്ചറിയാതിരിക്കാന്‍ പോലീസ് വളരെ കരുതലെടുത്തിരുന്നു.ശശികലയെ സുരക്ഷിത സ്ഥാനത്തെത്തിച്ചശേഷമാണ് ഇവര്‍ ദര്‍ശനം നടത്തിയ ദൃശ്യങ്ങളും വാര്‍ത്തയും പോലീസ് സ്ഥിരീകരിച്ചത്.