മുംബൈ:പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസില്‍ മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.മുംബൈ പ്രത്യേക കോടതിയാണ് വിജയ് മല്യയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് നടപടി.വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങുന്നതിനെതിരായ പുതിയ സാമ്പത്തിക കുറ്റകൃത്യ നിരോധന നിയമമനുസരിച്ച് കുറ്റവാളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെയാളാണ് വിജയ് മല്യ. ഇതോടെ മല്യയുടെ എല്ലാ സ്വത്തു വകകളും കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റിന് മുന്നിലെ തടസ്സങ്ങളും നീങ്ങി.
വായ്പ തട്ടിപ്പ് നടത്തിയ ശേഷം ബ്രിട്ടനിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ഉത്തരവിട്ടിരുന്നു.ഇന്ത്യയിലെ മാധ്യമങ്ങള്‍ തന്നെ തട്ടിപ്പുകാരനായി ചിത്രീകരിക്കുകയാണെന്നായിരുന്നു വിജയ് മല്യ പറഞ്ഞത്.