ന്യൂഡല്‍ഹി:ഹിന്ദുസ്ഥാന്‍ ഏയറോനോട്ടിക്‌സ് ലിമിറ്റഡിന് ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധകരാറുകള്‍ നല്‍കിയെന്ന് പാര്‍ലമെന്റില്‍ കളവ് പറഞ്ഞ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു രൂപയുടെ പോലും ഓര്‍ഡര്‍ ലഭിച്ചില്ലെന്ന എച്ച് എ എലിന്റെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മല സീതാ രാമന്‍ രാജിവെക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
റഫാല്‍ ഇടപാട് എച്ച്എഎല്ലിന് നല്‍കിയില്ലെങ്കിലും മറ്റ് നിരവധി വിലപ്പെട്ട പ്രതിരോധകരാറുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നല്‍കിയിട്ടുണ്ടെന്നായിരുന്നു നിര്‍മലാസീതാരാമന്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ഒരു ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയെങ്കില്‍ അതിന് തെളിവ് എവിടെയെന്നും രാഹുല്‍ ചോദിക്കുന്നു. ഓര്‍ഡര്‍ നല്‍കിയതിന്റെ രേഖകള്‍ സഭയില്‍ വെക്കണമെന്നും അല്ലെങ്കില്‍ രാജി വെക്കാന്‍ തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു.