സിഡ്നി:ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനവും മഴ വില്ലനായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു.നിലവില്‍ നടന്ന മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയും ഒരെണ്ണം ഓസീസും സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ മത്സരം ജയിച്ചാലും സമനിലയായാലും പരമ്പര ഇന്ത്യക്ക് സ്വന്തമാകുമായിരുന്നു.
ഓസ്ട്രേലിയയില്‍ 12 ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് ഇനി വിരാട് കോഹ്ലിക്ക് സ്വന്തം. പരമ്പരയിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം.ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് വലിയ സ്കോര്‍ സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്ട്രേലിയ 300 റണ്‍സിന് എല്ലാവരും പുറത്തായി.അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല.തുടര്‍ന്ന് മത്സരം സമനിലയായതായി പ്രഖ്യാപിക്കുകയായിരുന്നു.
