ഡല്‍ഹി:കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രിയില്‍ തുടക്കമാകും.രണ്ട് ദിവസമാണ് പണിമുടക്ക്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 10 ഓളം തൊഴിലാളി സംഘടനകള്‍ പങ്കെടുക്കുന്ന പണിമുടക്കില്‍ അധ്യാപകരും,മോട്ടോര്‍ തൊഴിലാളികളും,ഫാക്ടറി ജീവനക്കാരുമടക്കം പങ്കാളികളാകും.ബാങ്കിങ്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങി സമസ്ത മേഖലയിലും പണിമുടക്ക് പ്രതിഫലിക്കും. ടാക്‌സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി പ്രഖ്യാപിച്ചു.
എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയും ക്ഷേമ പദ്ധതികളില്‍ അവരെ അംഗങ്ങളാക്കുകയും ചെയ്യണം,രാജ്യത്തെ മുഴുവന്‍ ജീവനക്കാരുടെയും പ്രതിമാസ മിനിമം വേതനം 18,000 രൂപയാക്കുകയും അത് വിലസൂചികയുമായി ബന്ധപ്പെടുത്തുകയും വേണം,പ്രതിമാസ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തണം. റെയില്‍വേ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, ചരക്കു കമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിച്ചും പൊതുവിതരണ സമ്പ്രദായം സാര്‍വത്രികമാക്കിയും വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുക,അടിസ്ഥാന തൊഴില്‍ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവക്കുന്നത്.
എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു, യുടിയുസി, എച്ച്എംഎസ്, കെടിയുസി, സേവ, ടിയുസിഐ, എഐയുടിയുസി, കെടിയുസി(എം), ഐഎന്‍എല്‍സി, എന്‍ടിയുഐ, എച്ച്എംകെപി, എഐസിടിയു, എന്‍എല്‍സി, കെടിയുസി (ബി), കെടിയുസി(ജെ), ടിയുസിസി എന്നീ തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിന് നേതൃത്വം നല്‍കുന്നത്.