പത്തനംതിട്ട:ശബരിമല തന്ത്രിയെ ചോദ്യം ചെയ്യാനുള്ള അവകാശം സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ ഇല്ലെന്ന് താഴമണ്‍ തന്ത്രി കുടുംബം.ശബരിമല ക്ഷേത്രത്തിന്റെ തന്ത്രി പദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് താഴമണ്‍ കുടുംബം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യുവതീപ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന്റെ പശ്ചാത്തലത്തിലാണ് താഴമണ്‍ കുടുംബം പത്രക്കുറിപ്പിറക്കിയത്.
താന്ത്രികാവശം കുടുംബപരമായി കിട്ടുന്ന അവകാശമാണ്. അല്ലാതെ ദേവസ്വംബോര്‍ഡ് നിയമിക്കുന്നതല്ല. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനുങ്ങളൂം തന്ത്രിമാരില്‍ നിക്ഷിപ്തമായിട്ടുള്ളതാണ്. ക്ഷേത്രത്തിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വംബോര്‍ഡില്‍ നിന്നും ശമ്പളമല്ല മറിച്ച് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വികരിക്കുന്നതെന്നും കുടുംബം വിശദീകരിക്കുന്നു.
ശബരിമലയിലെ യുവതീപ്രവേശനത്തിനു പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിക്കെതിരാണെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് വിശദീകരണ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.