കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി
കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ലിനെതിരെ പ്രതികാരനടപടിയുമായി സഭ.ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസ സഭയാണ് സിസ്റ്റര്‍ ലൂസിയെ താക്കീത് ചെയ്തുകൊണ്ടുള്ള കത്ത് നല്‍കിയത്. ആലുവയിലെ സന്യാസ സഭാസ്ഥാനത്ത് ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദ്ദേശമുണ്ട്.വിശദീകരണം നല്‍കിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുെമന്നും തെറ്റു തിരുത്തിയില്ലെങ്കില്‍ സന്യാസസഭയില്‍ നിന്നും പുറത്താക്കുമെന്നും കത്തില്‍പ്പറയുന്നു.
അനുമതിയില്ലാതെ സഭയ്‌ക്കെതിരെ വിവിധ മാധ്യമങ്ങളിലും ഫേസ്ബുക്കിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതും കത്തോലിക്ക സഭാ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്നും കത്തില്‍ പറയുന്നു.സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്നും സിസ്റ്റര്‍ ലൂസി സഭാ വിരുദ്ധ ജീവിതമാണ് നയിക്കുന്നതെന്നും തെറ്റ് തിരിച്ചറിയണമെന്നും സുപ്പീരിയര്‍ ജനറലിന്റെ കത്തില്‍ പറയുന്നു. അലുവയിലെ സഭാ കേന്ദ്രത്തില്‍ ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദേശമുണ്ട്.
കന്യാസ്ത്രികളുടെ സമരത്തെ പിന്തുണച്ചതിന് മാനന്തവാടി രൂപതയിലുള്ള സിസ്റ്റര്‍ ലൂസിക്ക് നേരത്തേ കഭ വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് വിശ്വാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നടപടി പിന്‍വലിക്കുകയായിരുന്നു.
അതേ സമയം സമരം സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.കാരണം കാണിക്കല്‍ നോട്ടീസ് അംഗീകരിക്കുന്നില്ല. ന്യായത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയില്‍ നടത്തിയത്. ഫ്രാങ്കോയും റോബിനും നടത്തിയ തെറ്റുകള്‍ സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും ആലുവയിലെ സഭാ ഓഫീസില്‍ പോയി വിശദീകരണം നല്‍കില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ഉറപ്പിച്ചു പറഞ്ഞു.