തിരുവനന്തപുരം:കരിമണല്‍ ഖനനത്തിന്റെ ഇരകളായിത്തീര്‍ന്ന ഒരു ജനതയ്ക്കുവേണ്ടി കേരളത്തിലെ യുവജനങ്ങള്‍ കൈകോര്‍ക്കുകയാണ്.ആലപ്പാട് ഗ്രാമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 19ന് കേരളത്തിലെ യുവജനങ്ങള്‍ ആലപ്പാട്ട് ഒത്തുകൂടുന്നു. ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിംഗ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജന സംഗമം ഒരുക്കുന്നത്.
സംഗമത്തിനായി ഫേസ്ബുക്ക് പേജും കാമ്പയിനും തുടങ്ങിക്കഴിഞ്ഞു.
ടോവിനോ ,പൃഥ്വിരാജ് തുടങ്ങിയ സിനിമാതാരങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുമടക്കം ‘സേവ് ആലപ്പാട്’ കാമ്പയിന്റെ ഭാഗമായിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ സാധാരണക്കാരടക്കം ആലപ്പാട് ഗ്രാമത്തിനു പിന്‍തുണയുമായി എത്തുകയാണ്.
അശാസ്ത്രീയമായ കരിമണല്‍ ഖനനമാണ് കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തെ ഇല്ലാതാക്കുന്നത്.60 വര്‍ഷത്തിലധികമായി തുടരുന്ന കരിമണല്‍ ഖനനത്തിന്റെ ഇരകളാണ് ആലപ്പാട് ,പൊന്‍മന നിവാസികള്‍.പൊതു മേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡും കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ ലിമിറ്റഡുമാണ് പ്രദേശത്ത് കരിമണല്‍ ഖനനം നടത്തുന്നത്.
അശാസ്ത്രീയമായ ഖനനം മൂലം ഫല ഭൂയിഷ്ടമായിരുന്ന പ്രദേശം ഗര്‍ത്തങ്ങളായി.തുടര്‍ന്ന് കടല്‍ കയറി എല്ലാം വെള്ളത്തിലായി.9.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പ്രദേശം ഇന്ന് 7.9 സ്‌ക്വയര്‍ കിലോമീറ്ററായി ചുരുങ്ങി. 20,000 ഏക്കര്‍ ഭൂമിയാണ് ഇവിടത്തുകാര്‍ക്ക് നഷ്ടപ്പെട്ടത്.ഒരിക്കല്‍ സുനാമി വന്ന് കടലെടുത്തപ്പോള്‍ ബാക്കിയായ ജീവിതങ്ങളെ ഇനിയും മറ്റൊരു ദുരന്തത്തിലേക്ക് തള്ളിയിടാതെ കാക്കാന്‍ കേരള ജനത ഒരുമിക്കേണ്ടത് ആവശ്യമാകുന്നു.