തിരുവനന്തപുരം:ദേശീയ പണിമുടക്ക് വാഹനം തടയലും കടയടപ്പിക്കലും മാത്രമല്ല,അക്രമത്തിലേക്കും വഴിമാറുകയാണ്. തിരുവനന്തപുരം എസ്ബിഐ ഓഫീസ് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു.സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ പത്തരയോടെ സമരക്കാരെത്തി ആദ്യം ബാങ്ക് പ്രവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയെങ്കിലും സെക്യൂരിറ്റി ജീവനക്കാര്‍ അനുസരിച്ചില്ല.തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ച സമരാനുകൂലികളെ സെക്യൂരിറ്റി തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
തുടര്‍ന്ന് മുകള്‍ നിലയിലേക്കു പാഞ്ഞു കയറിയ സമരക്കാര്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു.മാനേജരുടെ ക്യാബിനില്‍കയറി അകത്തുണ്ടായിരുന്ന കമ്പ്യൂട്ടറും മേശയും കസേരയുമടക്കം അടിച്ച് തകര്‍ത്തു.മാനേജരെ കയ്യേറ്റം ചെയ്തു.മാനേജര്‍ കന്റോണ്‍മെന്റ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്.പതിനഞ്ചോളം വരുന്ന സമരക്കാരാണ് അക്രമണം നടത്തിയതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു.
സമരപ്പന്തലിലുണ്ടായിരുന്ന ആളുകള്‍ തന്നെയാണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.സിസിടിവിയില്‍ അക്രമികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.ഡിസിപി ചൈത്ര തെരേസ ജോണ്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ഇന്നലെ എസ്ബിഐ ബ്രാഞ്ചുകള്‍ പലതും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.