ലോക് ഡൗണ്‍ മൂലം കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഒരു കിലോ ഗോതമ്പ് പൊടി പായ്ക്കറ്റില്‍ 15,000 രൂപ ഒളിപ്പിച്ച് വിതരണം ചെയ്‌തെന്ന് കഥ സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരുന്നു. ഒട്ടനവധി പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും താരത്തെ അഭിനന്ദിച്ച് കുറിപ്പുകള്‍ എഴുതുകയും ചെയ്തിരുന്നു. ഒടുവില്‍ ഈ സംഭവത്തില്‍ പ്രതികരണവുമായി ആമീര്‍ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഗോതമ്പ് പായ്ക്കറ്റില്‍ പണം നല്‍കിയത് താനല്ല. അത് വ്യാജവാര്‍ത്തയോ അല്ലെങ്കില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഏതെങ്കിലും റോബിന്‍ഹുഡോ ചെയ്തതാകുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എല്ലാവരും സേഫായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നുണ്ട്. ആമീര്‍ ഇത്തരത്തില്‍ ആര്‍ക്കും ആട്ട വിതരണം നടത്തിയിട്ടില്ലെന്ന് പ്രമുഖ ഫാക്ടിംഗ് ചെക്ക് വെബ്‌സൈറ്റായ ബൂം ലൈവ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഫിലിം വര്‍ക്കേഴ്‌സ് അസോസിയേഷനും ആമീര്‍ സംഭാവന നല്‍കിയിരുന്നു.