ബോളിവുഡ് നഷ്ടങ്ങളുടെ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യന്‍ സിനിമയിലെ മുതിര്‍ന്ന സൂപ്പര്‍ താരവും, സംവിധായകനും, നിര്‍മ്മാതാവുമായ ഋഷി കപൂര്‍ വിടവാങ്ങിയിരിക്കുന്നു. നടന്‍ ഇര്‍ഫാന്‍ ഖാന് പിന്നാലെ ഋഷി കപൂറിന്റെ വിയോഗവും ബോളിവുഡിനെ ആകെ തളര്‍ത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി അര്‍ബുദ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ അദ്ദേഹത്തെ മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഋഷി കപൂറിന്റെ സുഹൃത്തും സഹതാരവുമായ അമിതാഭ് ബ്ച്ചനാണ് മരണവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യ നീതുവും മകന്‍ രണ്‍ബീര്‍ കപൂറും ഋഷി കപൂറിനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. ബോളിവുഡിലെ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. 1970 ല്‍ പുറത്തിറങ്ങിയ മേരാനാം ജോക്കറിലൂടെയാണ് ഋഷി കപൂര്‍ അഭിനയരംഗത്ത് ചുവട് ഉറപ്പിച്ചത്. 1973-ല്‍ ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. പിന്നീട് ബോളിവുഡിന്റെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. മലയാളി സംവിധായകന്‍ ജീത്തു ജോസഫിന്റെ ദ ബോഡി എന്ന ചിത്രമാണ് ഋഷി കപൂറിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.