കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച മേഖലകളില്‍ ഒന്നാണ് സിനിമ. തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഇനിയുള്ള സിനിമകളില്‍ പ്രതിഫലംപകുതിയായി കുറയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ അടക്കമുള്ളതാരങ്ങള്‍ തങ്ങളുടെ പ്രതിഫലതുക കുറച്ചിരുന്നു. എന്നാല്‍ ചില താരങ്ങള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. ടൊവിനോ, ജോജു ജോര്‍ജ്ജു എന്നിവരാണ് തങ്ങളുടെ പ്രതിഫലം കൂട്ടിച്ചോദിച്ചത്. ഇതിനെ തുടര്‍ന്ന് ഈ രണ്ട് ചിത്രങ്ങള്‍ക്ക് അസോസിയേഷന്‍ അംഗീകാരം നല്‍കിയിരുന്നില്ല. ടൊവിനോ കഴിഞ്ഞ ചിത്രത്തിനെക്കാള്‍ 25 ലക്ഷവും ജോജു 5 ലക്ഷവുമായിരുന്നു കൂട്ടിചോദിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ചിത്രങ്ങളുടെ സംവിധായകരുമായും നിര്‍മ്മാതാക്കളുമായും കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഇരുതാരങ്ങളും പ്രതിഫലം കുറയ്ക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. ജോജു തന്റെ പ്രതിഫലം 50 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കിയിരിക്കുകയാണ്. ടൊവിനോ തന്റെ പുതിയ സിനിമയ്ക്ക് പ്രതിഫലം വേണ്ടെന്നും സിനിമ വിജയിച്ച് ലാഭം കിട്ടിയാല്‍ പ്രൊഡ്യൂസര്‍ നല്‍കുകയാണെങ്കില്‍ മാത്രം പ്രതിഫലം എന്നാണ് ടൊവിനോയുടെ ഇപ്പോഴത്തെ നിലപാട്. കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ഇരുവരും സഹകരിക്കുമെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്തായാലും പ്രതിഫലതര്‍ക്കത്തെചൊല്ലിയുള്ള നിര്‍മ്മാതാക്കളുടെയും, താരങ്ങളുടെയും ശീതയുദ്ധം തൽക്കാലത്തേക്ക് അവസാനിച്ചിരിക്കുയാണ്.