ഗൗതം അദാനിക്ക് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അമ്പത് വർഷത്തേക്ക് നൽകിക്കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാനത്തു വലിയ എതിർപ്പാണ് ഉണ്ടായിരിക്കുന്നത് .സംസ്ഥാന സർക്കാരും കോൺഗ്രസ്സും അദാനിക്ക് വിമാനത്താവളം തീറെഴുതിക്കൊടുത്തതിനെ എതിർക്കുമ്പോൾ തിരുവനന്തപുരം എം പി ശശി തരൂരിന്റെ നിലപാട് വിമാനത്താവളം സ്വകാര്യവത്കരിച്ചതിനൊപ്പമാണ്. മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണു അദാനിയുടെ വരവിൽ നിരവധി ആളുകളുടെ പ്രതീക്ഷ .
പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊഴിയാതെ സ്വകാര്യമേഖലയിലെ സുഹൃത്തുക്കൾക്ക് കൈമാറിക്കൊണ്ടുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ തുടർക്കഥയാക്കുന്നു .ഉടനെ തന്നെ എൽ ഐ സി പോലും മോഡി സർക്കാർ സ്വകാര്യവത്കരിക്കും എന്നാണ് വിവരം .റെയിൽവേ സ്വകാര്യവത്കരണത്തിനു തുടക്കം കുറിച്ചതും ഈ ഭരണകൂടം തന്നെ .
സ്വകാര്യവത്കരണത്തിനു ജനപിന്തുണ കിട്ടുന്നതിന് പിന്നിൽ .
തലസ്ഥാനനഗരവും തിരുവനന്തപുരം വിമാനത്താവളവും സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ കടുത്ത അവഗണനയിലാണ് എന്ന സത്യമാണ് ഇപ്പോൾ വിമാനത്താവള സ്വകാര്യവത്കരണത്തെ അനുകൂലിക്കുന്നവരുടെ പിന്തുണയ്ക്ക് അടിസ്ഥാനം .തിരുവനന്തപുരത്തെ ഫ്‌ളൈറ്റുകളുടെ എണ്ണം വെട്ടിക്കുറച്ച് ആ വിമാനത്താവളത്തെ തകർക്കുന്ന നടപടികളാണ് കുറച്ചു വർഷങ്ങളായി കാണുന്നത് .വിമാനത്താവളത്തിന്റെ മോശം പ്രവർത്തനം തിരുവനന്തപുരത്തിന്റെ വികസനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട് .തിരുവനന്തപുരം വിമാനത്താവളത്തിന്റെ ദുരവസ്ഥ ഏറ്റവുമധികം ദോഷകരമായി ബാധിച്ചത് ടെക്നോപാർക്കിനെയാണ്.നിരവധി തൊഴിലവസരങ്ങൾ ഉണ്ടാകേണ്ടിയിരുന്ന നിരവധി സംരംഭങ്ങൾ മതിയായ വിമാന സർവ്വീസുകൾ തിരുവനന്തപുരത്തേക്ക് ഇല്ലാത്തതിനാൽ മുടങ്ങിപ്പോയതായി ശശി തരൂർ എം പി ചൂണ്ടിക്കാണിക്കുന്നു .
വിളപ്പിൽശാല ചവറു സംസ്കരണ ശാല നൽകുന്ന പാഠം മറക്കരുത് .
മെച്ചപ്പെട്ട സേവനം നൽകാൻ സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ സർക്കാർ സംവിധാനങ്ങൾക്ക് എതിരാകുന്നു. തിരുവനന്തപുരത്തെ വളപ്പിൽശാലയിൽ അശാസ്ത്രീയമായി ഉൾക്കൊള്ളാനാകാവുന്നതിലുമധികം അളവിൽ ചവറു കൊണ്ടിട്ടപ്പോൾ അവിടത്തെ ജനങ്ങളുടെ ആരോഗ്യത്തെയും പരിസരത്തെയും അത് മലിനപ്പെടുത്തി .മാലിന്യങ്ങൾ ഭൂമിയിലേക്കിറങ്ങി പ്രദേശത്തെ കിണറുകൾ മലിനപ്പെട്ടു .പ്രദേശത്താകമാനം സഹിക്കാനാകാതെ ദുർഗന്ധമുണ്ടായി . യാതൊരു വിധത്തിലുള്ള സംസ്കരണവും അവിടെ നടന്നില്ല വെറുതെ വലിയ അളവിൽ മാലിന്യം കൊണ്ട് തള്ളുകയായിരുന്നു .പൊറുതിമുട്ടിയ അവിടത്തെ ജനങ്ങൾ ചവറു പ്ലാന്റിനെതിരെ സമരമാരംഭിച്ചു .കടുത്ത സമരപരിപാടികൾക്ക് ശേഷം വിളപ്പിൽശാലയിലെ ജനങ്ങൾ വിജയം കണ്ടു .പ്ലാന്റ് അടച്ചു പൂട്ടി . തിരുവനന്തപുരം കോർപറേഷന്റെ ഉത്തരവാദിത്തം മറന്ന വിളപ്പിൽശാലയിലെ നടപടികൾ കാരണം കേരളസംസ്ഥാനത്തു തന്നെ ചവറുസംസ്കരണത്തിനു വേണ്ടി എവിടെയും ഇനി സ്ഥലമേറ്റെടുക്കാൻ കഴിയാത്ത അവസ്ഥയാണ് .ശരിയായ രീതിയിൽ കാര്യങ്ങൾ നടത്താത്തതിന് കൊടുക്കേണ്ടി വന്ന വില . സമാനമായ ഒരു ഉദാഹരണമായാണ് ഇപ്പോഴത്തെ വിമാനത്താവള കൈമാറ്റത്തെയും കാണേണ്ടത് . മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചില്ലാ എങ്കിൽ ജനം കുത്തക മുതലാളിക്കൊപ്പം നിന്ന് സ്വകാര്യവത്കരണത്തെ അനുകൂലിക്കും എന്നത് കേരളത്തിലെ ഇരു രാഷ്ട്രീയ മുന്നണികൾക്കും പാഠമാകേണ്ടതുണ്ട് .