ഒട്ടനവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് ബ്ലസ്സി ചിത്രമായ ആടുജീവിതം പൂര്‍ത്തിയായത്. മൂന്നുമാസത്തെ മരുഭൂമി ജീവിതത്തിന് ശേഷം ഷൂട്ടിംഗ്‌സംഘം മടങ്ങിയെത്തുന്ന വാര്‍ത്ത പൃഥിരാജ് തന്നെയാണ് ഫേസ് ബുക്കിലൂടെ പങ്ക് വച്ചിരിക്കുന്നത്. നിലവില്‍ നാട്ടിലേക്ക് മടങ്ങിവരാനുള്ള ചാര്‍ട്ടേഡ് വിമാനത്തിനുള്ള അനുമതി കാത്ത് നില്‍ക്കുകയാണ് സംഘം. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് ഇവര്‍ ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് 19 പടര്‍ന്നു പിടിക്കുകയും ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വരികയുമായിരുന്നു. മാര്‍ച്ച് 16-നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.  അതിനിടിയിലും പ്രത്യേക അനുമതിയോടെ സംഘം ഷൂട്ടിംഗ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദ്ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. നജീബ് എന്ന കഥാപാത്രത്തിനായി മെലിഞ്ഞുണങ്ങിയ ശേഷമാണ് പൃഥി ജോര്‍ദ്ദാനിലേക്ക് തിരിച്ചത്.

ഷൂട്ടിംഗ് നീണ്ടുപോയത് കാരണം ലുക്ക് അതേപടി നിലനിര്‍ത്താന്‍ അദ്ദേഹവും വളരെയധികം പ്രയാസപ്പെട്ടിരുന്നു. അങ്ങനെ മരുഭൂമിയിലെ ആടുജീവിത്തിന് പായ്ക്കപ്പ് ആയിരിക്കുകയാണ്. അമലാപോള്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.