സിനിമാവ്യവസായം തിരിച്ചുവരവിന്റെ പാതയിലാണ്. വിജയ്ചിത്രം മാസ്റ്ററിന്റെ ആദ്യദിനങ്ങളിലെ കളക്ഷനും കാണികളുടെ തള്ളിക്കയറ്റവും  അതു വ്യക്തമാക്കുന്നു. ഒമ്പത് മാസങ്ങളോളം അടഞ്ഞുകിടന്ന കേരളത്തിലെ തിയേറ്ററുകള്‍ സജീവമായി തുടങ്ങുകയാണ്. ഇരുപതോളം മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലെത്താനായി തയ്യാറായിരിക്കുന്നത്. കോവിഡ് ലോക്ക്ഡൗണിനുശേഷം ആദ്യം തിയേറ്ററിലെത്തുന്ന മലയാളച്ചിത്രം നടന്‍ ജയസൂര്യ കേന്ദ്രകഥാപാത്രമായെത്തുന്ന ‘വെള്ളം’ ആണ്. ജനുവരി 22നാണ് ചിത്രം റിലീസിനെത്തുന്നത്. മാര്‍ച്ച് 22 വരെ ഇരുപത് സിനിമകള്‍ റിലീസ് ചെയ്യാനാണ് തീരുമാനം. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ‘പ്രീസ്റ്റ്’ ഫെബ്രുവരി നാലിനാണ് തിയേറ്ററുകളിലെത്തുക. തൊട്ടുപിന്നാലെ 29ന് രണ്ടു ചിത്രങ്ങളാണ് റിലീസ് ചെയ്യുക. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ‘ലൗ’ കാവ്യപ്രകാശ് സംവിധാനം ചെയ്യുന്ന ‘വാങ്ക്’ എന്നിവയാണത്. കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ്, അജു വര്‍ഗ്ഗീസ് നായകനായെത്തുന്ന സാജന്‍ ബേക്കറി, വിനായകനും ബാലുവര്‍ഗ്ഗീസും അഭിനയിക്കുന്ന ‘ഓപ്പറേഷന്‍ ജാവ’ അമിത് ചാക്കലയ്ക്കല്‍ നായകനായ ‘യുവം’ എന്നിവയാണ്. മരട് ഫ്‌ളാറ്റ് പൊളിക്കല്‍ പ്രമേയമാക്കി ‘മരട് 357 ‘,വെളുത്ത മധുരം, വര്‍ത്തമാനം എന്നീ സിനിമകള്‍ ഫെബ്രുവരി 19ന് എത്തും. ഫെബ്രുവരി 26ന് നാല് സിനിമകൂടി തിയേറ്ററിലെത്തും. സഹ്യാദ്രിയിലെ ചുവന്ന പൂക്കള്‍, അജഗജാന്തരം, ജയസൂര്യ നായകനായെത്തുന്ന സണ്ണി, ടോള്‍ഫ്രീ 1600-600-60 എന്നിവയാണ് റിലീസ് ചെയ്യുന്ന മറ്റു സിനിമകള്‍. കോവിഡ് പ്രതിസന്ധി കാരണം നിലച്ചുപോയ സിനിമാവ്യവസായത്തിന് പ്രേക്ഷകന്റെ പിന്തുണ ഇന്ന് ഏറെ ആവശ്യമാണ്. സുരക്ഷിതമായ സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളുമെല്ലാം തിയേറ്ററിലെ കാഴ്ചയ്ക്ക് കരുതല്‍ മാനദണ്ഡമാകുമ്പോള്‍ ആസ്വാദനം ആവേശത്തിന് വഴിമാറാതെയിരിക്കേണ്ടത് ഓരോ പ്രേക്ഷന്റെയും ഉത്തരവാദിത്തമാണ്. അതു മറക്കാതെയിരിക്കുക.