ഒരു കുട്ടി കാണാതെ പഠിച്ചു പറയുന്നതും മനസ്സിൽ നിന്നനുഭവിച്ചു പറയുന്നതും തമ്മിലുള്ള വ്യത്യാസം വാക്കുകളിൽ പ്രകടമാകുന്ന വൈകാരികാനുഭൂതിയിൽ വെളിവാകുന്നു. മറ്റൊരാളുടെ വാക്കുകൾ നാം നോക്കി വായിക്കുമ്പോൾ നമ്മുടെ വാക്കുകൾക്ക് ജീവനുണ്ടാകില്ല. അത് വാർത്തവായന മാത്രമാണ്. എന്നാൽ സ്വാനുഭവത്തിൽ നിന്നുകൊണ്ട് സംസാരിക്കുമ്പോൾ ആ വാക്കുകളിൽ ആരെയും ആകർഷിക്കുന്ന ചൈതന്യമുണ്ടായിരിക്കും. ആത്മാർത്ഥമാണ് ആ പ്രകാശം!

അനുഭവങ്ങളെ ആരും കാണാതെ പഠിക്കുന്നില്ല. കാണാതെ പഠിക്കുന്നത് തൻറേതല്ലാത്ത കാര്യങ്ങളെയാണ്. അനുഭവങ്ങളെ ആരും എഴുതിയും വായിക്കുന്നില്ല, അത് ഹൃദയത്തിൽ നിന്നു വരുന്നത് നമുക്കനുഭവപ്പെടും.  ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരാൾ കടലാസുകൾ നോക്കി നിർവികാരമായി യാന്ത്രികമായി വായിക്കുന്നതും മറ്റൊരാൾ യാതൊരു ആശ്രയവുമില്ലാതെ ഹൃദയത്തിൽ നിന്നു സംസാരിക്കുന്നതും തമ്മിലുള്ള വ്യത്യാസം. ഗ്രന്ഥങ്ങളിലുള്ളത് മറ്റൊരാളിൻറേതാണ്. അത് നമുക്ക് സ്വന്തം അനുഭവത്തിൽ വരുമ്പോഴല്ലാതെ സത്യമാകുന്നില്ല. സ്വാനുഭവത്തിലെത്തുമ്പോഴാകട്ടെ നോക്കി വായിക്കുവാൻ കടലാസുകൾ വേണ്ടിവരുന്നില്ല! മറ്റുള്ളവരെ ബാധിക്കുന്ന ദുരന്തങ്ങളെയും അപവാദങ്ങളെയും കുറിച്ച് ”വാർത്ത വായിക്കുന്നതു പോലെ”യായിരിക്കില്ല, അതേ കാര്യം സ്വന്തം കാര്യത്തിൽ സംഭവിക്കുമ്പോൾ ഹൃദയംകൊണ്ട് സംസാരിക്കുമ്പോൾ സംഭവിക്കുക. അപ്പോൾ നമ്മുടെ നാദവും ഭാവവും അർത്ഥവും മാറും!

കടലാസുകളില്ലാതെ ഹൃദയം തുറക്കുവാൻ കഴിയുന്നത്ര നമ്മുടെ അറിവും അനുഭൂതിയും പ്രവൃത്തിയും ആത്മാർത്ഥമാകേണ്ടതുണ്ട്. മറ്റുള്ളവരുടെ അർത്ഥം നാം പറയുമ്പോൾ അത് ആത്മാർത്ഥം ആകുകയില്ല! നമ്മുടെ ആത്മാവിൻറെ സ്പന്ദനം  ഉള്ളടങ്ങിയ വാക്കുകൾക്കാണ് ജീവനുണ്ടാകുക! ഉള്ളിൽ അനുഭവ സത്യമുണ്ടെങ്കിൽ ആ പരിശുദ്ധികൊണ്ടുതന്നെ മുഖം വാക്ക് നാദം ഇത്രയും പ്രകാശവത്തായിരിക്കും, ശാന്തമായിരിക്കും. നേരിൻറെ വഴി എപ്പോഴും പ്രകാശവത്താണ്!  നേരെ മറിച്ചാണെങ്കിൽ  അശാന്തിയോടെ വാക്കുകൊണ്ടും നാദം കൊണ്ടും മുഖഭാവംകൊണ്ടും എല്ലാവരേയും നാം ആട്ടിയോടിക്കും! 

തെറ്റായവഴിയിലൂടെ സഞ്ചരിക്കുന്നവരുടെ അശുദ്ധിയുടെ ആയുധമാണ് ക്രോധം. അത് അവരുടെ അവസാനത്തെ ആയുധമാണ്. വിശുദ്ധിയുടെ ആയുധം ശാന്തതയാണ്.  ഒരാൾ ശാന്തമായിരിക്കുന്നു എന്നതിനർത്ഥം അയാൾ തെറ്റായൊന്നും ചെയ്യുന്നില്ല എന്നാണ്. ഒരാളുടെ വാക്കുകളിൽ ശാന്തി നഷ്ടപ്പെടുന്നു എന്നു വന്നാൽ അതിനു കാരണം സ്വന്തം കുഴപ്പങ്ങൾ തന്നെയാകണം! അതിനാൽ വാർത്തകൾ വായിക്കുന്നതു പോലെയാകരുത് നമ്മുടെ വാക്കും മനസ്സും മുഖവും. അത് ആത്മാർത്ഥമാകണം, സത്യസന്ധമാകണം, വിശുദ്ധമാകണം!

നാം ഒരു കളളം പറഞ്ഞു സ്ഥാപിക്കുമ്പോൾ അത് നമ്മെ ബാധിക്കാത്ത കാര്യമാണ്, മറ്റു ചിലരെ മാത്രം ബാധിക്കുന്ന കാര്യമാണ് എന്ന് കരുതുന്നു എങ്കിൽ അവിടെ തെറ്റി. അത് ഭൗതികവാദത്തിൻറെ അവിവേകമാണ്, അജ്ഞതയാണ്. നാം ചെയ്യുന്ന നന്മയും തിന്മയും ആത്യന്തികമായി നമ്മെ തന്നെയാണ് ബാധിക്കുക എന്നൊരു ആത്മീയതലം കൂടി ഉണ്ട്! ചവിട്ടിനിൽക്കുന്ന മരക്കൊമ്പിനെ ധനമോഹം കൊണ്ട് മറ്റൊരാൾക്ക് വിറ്റാൽ അതു മുറിക്കുമ്പോൾ നിലംപതിക്കുന്നത് ആ മരത്തിൽ ആശ്രയം തേടിയിരിക്കുന്ന മറ്റുള്ളവർ മാത്രമാകില്ല ഒപ്പം നമ്മളും പതിക്കുകയാണ്. നാം ചെയ്യുന്ന ഓരോ തെറ്റും സമൂഹത്തെ മാത്രമല്ല, ലോകത്തെ മാത്രല്ല, ഭൂമിയെ മാത്രമല്ല നമ്മെയും ബാധിക്കുന്നുണ്ട്. നേട്ടമെന്നത് കൈയൂക്കുകൊണ്ട് നേടുന്ന ഭൗതികമായ വികസനമാണെന്ന് ചിന്തിക്കുന്നതിൻറെ അശുദ്ധിയാണ് ആന്തരികമായ കാപട്യം. ഈ അജ്ഞതയിൽ നിന്നാണ് ബന്ധങ്ങളിൽ വഞ്ചനയും ഭരണത്തിൽ അഴിമതിയും ഉണ്ടാകുന്നത്. ഉണ്ടാകേണ്ട അറിവുണ്ടായാൽ എല്ലാം ആത്മാർത്ഥമാകും. ചവിട്ടി നിൽക്കുന്ന മണ്ണിനെ സംരക്ഷിക്കേണ്ടത് സ്വന്തം ആവശ്യം കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഒരാളിൽ  ആത്മാർത്ഥത ഉദയം ചെയ്യുന്നത്. കൊന്നും മോഷ്ടിച്ചും വഞ്ചിച്ചും ജീവിക്കുന്നവർക്ക് ആത്മാർത്ഥത ഇല്ലാതെ പോകുന്നത് ഈ തിരിച്ചറിവില്ലാഞ്ഞിട്ടാണ്. അജ്ഞാനം അവിവേകത്തിന് കാരണമാകുന്നു.

എല്ലാ കുഴപ്പങ്ങളും ചെയ്തുകഴിഞ്ഞ് ഞാൻ സുരക്ഷിതനാണ് എന്ന് ചിന്തിക്കുന്നവരുടെ സ്വാർത്ഥത എവിടെ വാഴുന്നുവോ ആ വീടും ആ നാടും ആ ശരീരവും രാവണഭൂമിയാണ്!!!  ഇതൊന്നും എന്നെയോ എൻറെ ബന്ധുക്കളെയോ ബാധിക്കുന്ന കാര്യമല്ല എന്നരീതിൽ നാം എന്നും ആത്മാർത്ഥതയില്ലാതെ വാർത്തകൾ വായിക്കാൻ തുടങ്ങിയാൽ അത് ഇരിക്കും കൊമ്പ് മറ്റൊരാൾക്ക് വിറ്റിട്ട് അതിൽ കിടന്ന് സുഖമായി ഉറങ്ങുമ്പോലെയാണ്! പരസ്പരം ബന്ധപ്പെട്ടു നിലകൊള്ളുന്ന ഈ ജീവലോകത്ത് ഒരാൾ ചെയ്യുന്ന ഏതു തെറ്റും മറ്റെല്ലാവരെയും ബാധിക്കും എന്നതിനാൽ ഒടുവിൽ സ്വന്തം നിലനിൽപ്പും ഇല്ലാതാകുകയാണ്. സത്യത്തിലും പരിശുദ്ധിയിലുമാണ് ഒരേയൊരു അഭയം. നാം നശിച്ചാൽ മറ്റെന്തുണ്ടെങ്കിലും ഫലമില്ലല്ലോ, എന്നതു പോലെ നമുക്ക് ചുറ്റുമുള്ളതെല്ലാം നാം സ്വന്തം സുഖത്തിനായി നശിപ്പിച്ചാൽ അവസാനം നമ്മളും ഇല്ലല്ലോ?

അതിനാൽ വാർത്ത വായിക്കുന്ന ആത്മാർത്ഥതയില്ലായ്മ നിർത്തിയിട്ട് ആത്മാർത്ഥമായ് ജീവിക്കേണ്ടതുണ്ട് നാം ഓരോരുത്തരും. ”നാം ശരിയാകുമ്പോൾ” നമ്മെ ചുറ്റിയുള്ള”തെല്ലാം ശരിയാകും!” നാം ശരിയല്ലെങ്കിൽ എല്ലാം കുഴപ്പത്തിലാകും! ഇത് ഓരോരുത്തരും അറിയേണ്ട പാഠമാണല്ലോ? നമുക്ക് എത്രനാൾ മുഖം മറച്ച് വാർത്ത വായിക്കാനാകും? സ്വന്തം കാപട്യംകൊണ്ട് താൻ തന്നെയാണ് നശിക്കുന്നത് എന്ന് തിരിച്ചറിയും വരെ മാത്രം!
ഓം

കൃഷ്ണകുമാർ കെ പി