നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ അനില്‍ മുരളി ഓര്‍മ്മയായി. കരള്‍രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളില്‍ വേഷമിട്ടു. കലാഭവന്‍മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രധാനമായും വില്ലന്‍ വേഷങ്ങളിലും പോലീസ് വേഷങ്ങളിലുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ബാബ കല്യാണി, നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യകല്ല്, വെള്ളരിപ്രാവിന്റെ ചങ്ങാതി, കളക്ടര്‍, ലയണ്‍, പുത്തന്‍പണം, ഡബിള്‍ ബാരല്‍, പോക്കിരിരാജ, അയാളും ഞാനും തമ്മില്‍, ജോസഫ്, ഉയരെ, ഫോറന്‍സിക് തുടങ്ങിയവാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകള്‍. ഈ വര്‍ഷം മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു. ശശി കല്ലിംഗ, രവി വള്ളത്തോള്‍, സച്ചി തുടങ്ങിയ നിരവധി പ്രമുഖപ്രതിഭകളുടെ വിയോഗം ഈ വര്‍ഷമായിരുന്നു. സഹപ്രവര്‍ത്തകരും അനിലിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ്. ആദരാഞ്ജലികളോടെ മലയാളസിനിമാലോകവും അദ്ദേഹത്തിന്റെ
 വിയോഗത്തില്‍ പങ്കുചേരുന്നു.