മലപ്പുറം :എ എം ഷംസീർ എം എൽ എ യുടെ ഭാര്യയുടെ നിയമനം യോഗ്യതയുള്ള നിരവധി പേരെ മറികടന്നാണ് എന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കെ ഇന്ന് കൂടുന്ന സിൻഡിക്കേറ്റ് അംഗീകാരം നൽകും.അതോ നിയമനം സംബന്ധിച്ച വാർത്ത വിവാദമായതും കൂടുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നിയമനടപടികളുമായി മുന്നോട്ടു പോകും എന്ന സൂചനയും കാരണം ഉദ്ദേശത്തിൽ നിന്നും സിൻഡിക്കേറ്റ് പിന്തിരിയുമോ എന്നും ഉടനെ അറിയാം .
യോഗ്യതയുള്ള ഒട്ടേറെ പേരെ മറികടന്നു സി പി എം നേതാക്കളുടെ ഭാര്യമാരെ യൂണിവേഴ്സിറ്റികളിൽ നിയമിക്കുന്നത് നേരത്തെ തുടങ്ങിയതാണെന്ന് സി പി എം സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം പി രാജീവിന്റെ ഭാര്യ ,മുൻ എം പി പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനം എന്നിവ ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ചെയർമാൻ ആർ എസ് ശശികുമാർ ആരോപിക്കുന്നു .കുസാറ്റിൽ നിയമ വിഭാഗത്തിൽ ആയിരുന്നു രാജീവിന്റെ ഭാര്യയുടെ നിയമനം.കേരളാ യൂണിവേഴ്‌സിറ്റിയിൽ ബയോകെമിസ്ട്രി വിഭാഗത്തിൽ ആയിരുന്നു ബിജുവിന്റെ ഭാര്യയുടെ നിയമനം .
കണ്ണൂർ തലശ്ശേരിയിലെ സി പി എം എം എൽ എ എ എം ഷംസീറിന്റെ ഭാര്യക്ക് അനധികൃതമായി നിയമനം ഉറപ്പാക്കാൻ അവരുടെ തന്നെ മുൻ ഗൈഡ് ആയ അധ്യാപകനെ തന്നെ ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തി എന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത് . ഷംസീറിന്റ് ഭാര്യയുടെ ഗവേഷണ ഗൈഡ് ആയിരുന്ന ഡോ പി കേളുവിനെയാണ് ബോർഡിൽ ഉൾപ്പെടുത്തി ഇന്റർവ്യൂ നടത്തിയിരിക്കുന്നത് .ഡോ പി കേളു കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച ആളുമാണ് .
അധ്യാപക ഒഴിവുകളിൽ സംവരണ തസ്തിക ഏതാണ് എന്ന് വിജ്ഞാപനത്തിൽ മറച്ചു വച്ചാണ് ഇപ്പോൾ നടക്കാനിരിക്കുന്ന നിയമനങ്ങൾ ഒരുക്കിക്കൊണ്ടു വന്നത് .നേരത്തെ കണ്ണൂർ സർവകലാശാലയിൽ ഷംസീറിന്റെ ഭാര്യക്ക് നിയമനം നൽകിയത് കോടതി ഇടപെട്ടു റദ്ദാക്കിയിരുന്നു .