ജയ്‌പൂർ :വിമത നീക്കം അതിജീവിച്ചു അശോക് ഗെഹ്‌ലോട്ട് നിലമെച്ചപ്പെടുത്തി. സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങൾ വെറും ചായക്കോപ്പയിലെ കൊടുംകാറ്റായി കെട്ടടങ്ങി. മുപ്പതു നിയമസഭാ സാമാജികരുടെ പിന്തുണ പ്രതീക്ഷിച്ചാണ് സച്ചിൻ പോരിനിറങ്ങിയത് . ഇരുന്നൂറ് അംഗ നിയമസഭയിൽ കോൺഗ്രസിന് നൂറ്റിയേഴ് അംഗങ്ങളാണ് രാജസ്ഥാനിൽ ഉള്ളത് . ബി ജെ പിക്ക് എഴുപത്തിരണ്ടും. പതിമൂന്നു സ്വതന്ത്രരും നിയമസഭയിലുണ്ട്. മുഖ്യമന്ത്രിയാകണം എന്ന സച്ചിൻ പൈലറ്റിന്റെ അടങ്ങാത്ത ആഗ്രഹമാണ് സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചത് . ബി ജെ പി കാര്യമായ താല്പര്യം മന്ത്രിസഭാ അട്ടിമറി വിഷയത്തിൽ കാണിച്ചില്ല .തന്നെ മുഖ്യമന്ത്രിയാക്കിയാലെ താൻ ബി ജെ പിയെ പിന്തുണയ്ക്കു എന്ന സച്ചിന്റെ നിലപാട് ബി ജെ പിയിൽ സ്വീകാര്യമായില്ല. കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം നടക്കാനിരിക്കെ ആദായ നികുതി വകുപ്പിനെ കൊണ്ട് ഗെഹ്ലോട്ടിനോട് അടുപ്പമുള്ള വ്യവസായിയുടെ സ്ഥാപനങ്ങളിൽ റെയ്‌ഡ് നടത്തിയത് ബി ജെ പിയുടെ സ്വാഭാവികമായ പ്രതികരണമായി . മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നൂറ്റിഒൻപത് നിയമസഭാ അംഗങ്ങൾ തന്റെ സർക്കാരിനെ പിന്തുണയ്ക്കുന്ന കത്ത് ഗവർണർക്കു നൽകിയിരുന്നു .മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ കൂടിയ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിൽ ഇന്നലെ തൊണ്ണൂറ്റിഏഴ് എം എൽ എ മാർ എത്തിച്ചേർന്നു .
സച്ചിനുമേൽ സമ്മർദ്ദം കടുപ്പിച്ച കോൺഗ്രസ്സ് ഇന്ന് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കാൻ വിമതരോട് ആവശ്യപ്പെട്ടു . അനുനയനീക്കവുമായി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സച്ചിൻ പൈലറ്റിനോടും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടും സംസാരിച്ചു. അശോക് ഗെഹ്ലോട്ടിനു വേണ്ടി ഉറച്ചു നിന്ന കോൺഗ്രസ്സ് ഹൈക്കമാൻഡ് സച്ചിനോട് ക്ഷമയോടെ കോൺഗ്രസ്സിൽ തുടരാനാവശ്യപ്പെട്ടു. ഭാവിയിൽ സച്ചിന് നേതൃ പദവി വന്നുചേരുമെന്നും കൂട്ടിച്ചേർത്തു. എന്നാൽ മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞൊന്നിനു വേണ്ടിയും വിട്ടുവീഴ്ച ചെയ്യാൻ സച്ചിൻ തയ്യാറായില്ല.ഒടുവിൽ അനിവാര്യമായത് സംഭവിച്ചു സച്ചിൻ പൈലറ്റിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കി. ഉപമുഖ്യമന്ത്രിസ്ഥാനത്തു നിന്നും പി സി സി അധ്യക്ഷ പദവിയിൽ നിന്നും സച്ചിനെ മാറ്റി. ഒപ്പമുണ്ടായിരുന്ന രണ്ടു മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്നും പുറത്താക്കി. അവസാന കണക്കെടുപ്പിൽ പതിമൂന്നു നിയമസഭാ സാമാജികരാണ് സച്ചിനൊപ്പം. മൂന്ന് സ്വതന്ത്രരും സച്ചിനൊപ്പമുണ്ട് എന്നാണ് അവകാശവാദം.ബി ജെ പിയുമായിച്ചേർന്ന് സച്ചിൻ സർക്കാരിനെതിരെ ഗൂഡാലോചന നടത്തി എന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി.
സച്ചിൻ പുതിയ പ്രാദേശിക പാർട്ടി ഉണ്ടാക്കും എന്നാണ് സൂചന.ഇന്ന് ട്വിറ്ററിലെ അഡ്രസ്സിൽ നിന്നും ‘ കോൺഗ്രസ്സ് ‘ എന്നത് നീക്കം ചെയ്ത സച്ചിന്റെ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ഓഫീസിലെ ഫോട്ടോ ഇന്നലെത്തന്നെ പാർട്ടി പ്രവർത്തകർ നീക്കം ചെയ്തിരുന്നു.