ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായവുമായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. ടി.എന്‍ പ്രതാപന്‍ എം.പിയുടെ അതിജീവനം എംപീസ് എഡ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വിതരണം ചെയ്യുന്നുണ്ട്. അഭിനേതാക്കളായ മഞ്ജു വാര്യര്‍, ബിജു മേനോന്‍, ടൊവിനോ തോമസ്, സംയുക്താ വര്‍മ്മ തുടങ്ങിയവരും ഈ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും കുട്ടികള്‍ക്ക് ടിവി, ടാബ്ലെറ്റ്, ഇന്റര്‍നെറ്റ്, കേബിള്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ടൊവിനോ തോമസ് എച്ചിപ്പാറ സ്‌കൂള്‍ കോളനിയിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ കെ.ആര്‍.രഞ്ജുവിന് ടിവി നല്‍കി. പത്ത് ടിവിയാണ് ടൊവിനോ പദ്ധതിയിലേക്ക് സമ്മാനിച്ചത്. മഞ്ജു വാര്യരും ടിവി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എം.പി വ്യക്തമാക്കി. കൊറോണ രോഗവ്യാപനം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയന വര്‍ഷം തുടങ്ങാന്‍ സാധിച്ചിട്ടില്ല.. അതിനാല്‍ ഓണ്‍ലൈന്‍ വഴി ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കാത്തതും ഒരു അപാകതയാണ്. ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിച്ച അന്നു തന്നെ ഈ ക്ലാസ്സ് കാണാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതും വാര്‍ത്തയായിരുന്നു.