”ലോകത്തിൻ്റേയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റേയും സംസ്ക്കാരത്തിൽ രാമായണത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം പതിഞ്ഞിട്ടുണ്ട്. ഭഗവാൻ രാമൻ, സീതാ മാതാവ്, രാമായണകഥ എന്നിവ ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സാംസ്ക്കാരികവും മതപരവുമായ ചിന്തകളിൽ ഒരു പ്രകാശപുഞ്ജമായി നിലകൊള്ളുകയാണ്. ഭാരതീയ ബൗദ്ധിക മണ്ഡലം രാമായണഗാഥകൾ വഴി ധർമ്മം, നീതി, കർത്തവ്യപാലനം, ത്യാഗം, ഉദാത്തത, സ്നേഹം, വീര്യം, സേവനം എന്നിങ്ങനെയുള്ള മൂല്യങ്ങളാൽ പ്രചോദിതമാണ്. വടക്കു മുതൽ തെക്ക് വരേക്കും കിഴക്കു മുതൽ പടിഞ്ഞാറു വരേക്കും വ്യത്യസ്ത രൂപങ്ങളിലാണ് രാമകഥ നിലനിന്നുപോരുന്നത്. ശ്രീഹരിയുടെ അസംഖ്യം രൂപങ്ങളേപ്പോലെത്തന്നെ രാമകഥകളും അനേകമാണ്.
യുഗയുഗാന്തരങ്ങളായി ഭഗവാൻ രാമൻ്റെ ചരിതം ഭാരതത്തിൽ മനുഷ്യസമൂഹത്തെ കൂട്ടിയോജിപ്പിക്കുന്ന ഒരു ചരടായി മാറിയിരുന്നു. ഭഗവാൻ രാമൻ ആശ്രയവും ത്യാഗവുമാണ്. രാമൻ ശബരിയുടേതാണ്, സുഗ്രീവൻ്റേതും. രാമൻ വാത്മീകിയുടേതാണ്, ഭാസൻ്റേതും. രാമൻ കമ്പൻ്റേതാണ്, എഴുത്തച്ഛൻ്റേതും. രാമൻ കബീറിൻ്റേതാണ്, തുളസീദാസിൻ്റേതും രവിദാസിൻ്റേതുമാണ്. എല്ലാവർക്കും നൽകുന്നവനാണ് രാമൻ. ഗാന്ധിജിയുടെ രഘുപതി രാഘവ രാജാ രാമൻ എല്ലാവർക്കും സദ്ബുദ്ധി നൽകുന്നവനാണ്. വാരിസ് അലി ഷാ പറയുന്നത് റബ്ബ് തന്നെയാണ് രാമൻ എന്നാണ്.
ദേശീയ കവി മൈഥിലീ ശരൺ ഗുപ്ത രാമനെ “ദുർബ്ബലൻ്റെ ബല”മെന്നാണ് വിശേഷിപ്പിക്കുന്നത്. യശശ്ശരീരനായ കവി നിരാലയാവട്ടെ തൻ്റെ വരികളിലൂടെ രാമനെ ശക്തിയുടെ മൗലിക ഭാവനയായിട്ടാണ് കാണുന്നത്. രാമൻ ധീരതയാണ്, രാമൻ കൂടിച്ചേരലാണ്, രാമൻ സംയമനമാണ്, രാമൻ സഹകരണമാണ്, രാമൻ എല്ലാവരുടേതുമാണ്. രാമൻ സകല മനുഷ്യരുടേയും നന്മയാണാഗ്രഹിക്കുന്നത്. അതിനാലാണവനെ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നത്.
വരാനിരിക്കുന്ന 2020 ആഗസ്ത് 5 ന് രാമ മന്ദിരത്തിൻ്റെ ഭൂമിപൂജയുടെ പരിപാടി വച്ചിരിക്കുകയാണ്. ഭഗവാൻ രാമൻ്റെ അനുഗ്രഹത്താൽ ഈ പരിപാടി അദ്ദേഹത്തിൻ്റെ യഥാർത്ഥ സന്ദേശമായ ദേശീയ ഐക്യവും, സാഹോദര്യവും സാംസ്ക്കാരിക സമന്വയവും പ്രസരിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നായി മാറട്ടെ.”
പ്രിയങ്കാ ഗാന്ധി വാധ്രയുടെ ഹിന്ദിയിലെ സന്ദേശത്തിൻ്റെ വി ടി ബൽറാം തയ്യാറാക്കിയ പരിഭാഷയാണിത്. ഒറിജിനൽ വാക്കുകൾ ചിത്രമായി നൽകുന്നു. ഈ സന്ദേശമാണ് വലിയ വളച്ചൊടിക്കലുകൾക്കും വിവാദങ്ങൾക്കും ചാനൽ ചർച്ചകൾക്കും കേരളത്തിലിപ്പോൾ വഴിതെളിച്ചിരിക്കുന്നത്.
രാമസങ്കൽപ്പത്തെ പോസിറ്റീവായും നെഗറ്റീവായും പലരും ഉപയോഗപ്പെടുത്തിയതിൻ്റെ ചരിത്രം നമുക്കു മുന്നിലുണ്ട്. മത വൈരത്താൽ പരസ്പരം വാളെടുക്കുന്നവർക്ക് സദ്ബുദ്ധി നൽകാൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയടക്കമുള്ളവർ ഇന്നലെകളിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ സഹിഷ്ണുതയുടേയും ത്യാഗത്തിൻ്റേയും സഹോദര സ്നേഹത്തിൻ്റേയും ആ രാമസങ്കൽപ്പം ഓർമ്മപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ ഇവിടെ പ്രിയങ്ക ഗാന്ധി വാധ്ര ചെയ്യുന്നതായി കാണുന്നത്. ദേശീയ ഐക്യവും ഇന്ത്യയിലെ ജനങ്ങൾക്കിടയിലെ സാഹോദര്യവും തകർക്കാനുള്ള ഒന്നായി ആഗസ്ത് 5 ലെ പരിപാടിയെ മാറ്റുന്നവർക്കെതിരായ മുന്നറിയിപ്പും പ്രിയങ്ക നൽകുന്നു.