മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ സംവിധായകനാകുന്ന അദ്യചിത്രം ബാറോസിന്റെ ഷൂട്ടിംഗ് ജൂണോടെ ആരംഭിക്കും . ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാണം. ത്രിഡി ഫോര്‍മാറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ആസ്വാദിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ഒരുക്കുക. ലൂസിഫറിന്റെ വിജയത്തിനു പിന്നാലെ ആദ്യംസവിധാന സംരഭത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പ്രഖ്യാപനം അദ്ദേഹത്തിന്റെ ആരാധകരില്‍ ആവേശമുണ്ടാക്കിയിരുന്നു. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മറ്റു കാരണങ്ങളാല്‍ അത് ജൂണിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം തന്റെ ബ്ലോഗിലൂടെ അറിയിച്ചിരിക്കുകയാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലൊരുക്കുന്ന ഈ ചിത്രം വാസ്‌ഗോഡ ഗാമയുടെ രത്‌നങ്ങളും സ്വർണ നിധികളുടെയും കാവല്‍ക്കാരനായ ബാറോസിന്റെ കഥയാണ് പറയുന്നത്. നിരവധി വിദേശതാരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ വ്യത്യസ്തമായൊരു ലോകം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റേതായ അഭിനയശൈലി കൊണ്ട് പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ അഭിനേതാവാണ് ലാല്‍. ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.