പിണറായി വിജയൻ ഭരിക്കുമ്പോൾ മന്ത്രിമാർക്കും, ഇടതുപക്ഷ എംഎൽഎമാർക്കും, സിപിഎമ്മുകാരനും, ഡിവൈഎഫ്ഐക്കാരനും മാത്രമല്ല, എൻജിഒ യൂണിയൻകാരനും പീഡിപ്പിക്കാം.

അത് കഴിഞ്ഞ ദിവസം എൻജിഒ യൂണിയൻകാരനായ ഹെൽത്ത് ഇൻസ്പെക്ടർ തെളിയിക്കുകയും ചെയ്തു.

വാളയാറിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പിഞ്ചു മക്കൾക്ക് നീതി നിഷേധിക്കപ്പെട്ടപ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട് മൗനവ്രതത്തിൽ ആയിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി, സ്വന്തം മണ്ഡലത്തിലെ ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച ബിജെപിക്കാരനായ പ്രതിയെ കുറ്റവിമുക്തനാക്കാൻ പെടാപ്പാട് പെടുന്ന കാഴ്ചയാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പച്ചക്കള്ളം പടച്ച് വിടാനാണെങ്കിലും ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് പ്രതികരണ ശേഷി തിരികെ ലഭിച്ചതിൽ സന്തോഷമുണ്ട് എന്നും കൊല്ലം ജില്ലാ കോൺഗ്രസ്സ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണ പരിഹസിച്ചു.

കുളത്തുപ്പുഴ പീഡനക്കേസിലെ പ്രതിയായ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എൻജിഒ അസോസിയേഷൻ അംഗമല്ല.

അത്തരത്തിലുളള വ്യാജപ്രചാരണങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എൻജിഒ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.