മാര്‍വെല്‍ സൂപ്പര്‍ ഹീറോ സിനിമകളില്‍ കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ ചിത്രമായിരുന്നു ബ്ലാക്ക്പാന്തര്‍ . ഈ കഥാപാത്രത്തിനെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ ചാഡ്‌വിക് ബോസ്മാന്‍ ഓര്‍മ്മയായിരിക്കുകയാണ്. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം ലോസ് ആഞ്ചലസിലെ വസതിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. 43 വയസ്സായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബോസ്മാന്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. തന്റെ രോഗത്തെപ്പറ്റി അദ്ദേഹം ഒരിക്കലും പൊതുവേദികളില്‍ പറഞ്ഞിരുന്നില്ല.
ബോസ്മാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ സൗത്ത് കരോലീനയിലെ ആന്‍ഡേഴ്‌സണിലാണ്. കാരോലിന്റെയും, ലെറോയ് ബോസ്മാന്റേയും ഏകമകനായിരുന്നു അദ്ദേഹം. ടെലിവിഷനിലൂടെയായിരുന്നു തുടക്കം. തുടര്‍ന്ന് സിനിമകളിലെത്തി. നടന്‍, സംവിധായകന്‍, പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ തിളങ്ങിയ താരം ശ്രദ്ധിക്കപ്പെട്ടത് മാര്‍ഷല്‍, ബ്ലാക്ക് പാന്തര്‍, 42, ഗെറ്റ് അപ് ഓണ്‍ തുടങ്ങിയ സിനിമകളിലൂടെയാണ്. പ്രിയതാരത്തിന്റെ മരണത്തിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് അവഞ്ചേഴ്‌സ് താരങ്ങളുമെത്തിയിരിക്കുകയാണ്. ക്രിസ് ഇവാന്‍സ്, ജോഷ് ബ്രോളിന്‍, ബ്രി ലാര്‍സന്‍, ക്രിസ് ഹെംസ്ത്വര്‍ത്ത്, മാര്‍ക്ക് റുഫല്ലോ തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തെ അനുസ്മരിച്ചു. ബ്ലാക്ക് പാന്തറിലൂടെ ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ ബോസ്മാന് സാധിച്ചിരുന്നു. അകാലത്തിലുള്ള നടന്റെ വേര്‍പാട് ആരാധകരെയും വേദനപ്പെടുത്തി.