കൊറോണ ഭീതിയെതുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാന്‍ ചലച്ചിത്രമേള മാറ്റിവച്ചു. മെയ് 12 മുതല്‍ 23 വരെയാണ് കാന്‍സ് ഫിലിംഫെസ്റ്റിവല്‍ നടത്താനിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പുതിയ തീയതി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും ജൂണ്‍ അവസാനം വരെ ഫെസ്റ്റിവല്‍ മാറ്റി വയ്ക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. കാനിന് പുറമെ മറ്റ് പല ചലച്ചിത്രമേളകളും മാറ്റി വച്ചിട്ടുണ്ട്. ലോകം കൊറോണയെ നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. കോവിഡ് പിടിമുറുക്കിയതോടെ ഫ്രാന്‍സ് ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. മരണസംഖ്യകുറയ്ക്കുന്നതിനോടൊപ്പം രോഗത്തിന്റെ വ്യാപനം തടയുകയെന്ന് ശ്രമകരമായ ദൗത്യത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. നിലവില്‍ ലോകത്തിലാകമാനം 10,000ലേറെ ആളുകളാണ് ഈ രോഗത്താല്‍ മരണമടഞ്ഞിരിക്കുന്നത്.