ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങൾക്ക് അനുകൂലമായ ബജറ്റായിരുന്നു ഇന്ന് നിർമ്മല സീതാരാമൻ ഇന്നവതരിപ്പിച്ചത്. വൻ പദ്ധതികളായിരുന്നു ഈ സംസ്ഥാനങ്ങൾക്ക് വേണ്ടി ധനമന്ത്രി പ്രഖ്യാപിച്ചത്. കൊൽക്കത്ത-സിലിഗുരി ദേശീയപാത നവീകരിക്കുന്നതുൾപ്പെടെ ബംഗാളിലെ 675 കിലോമീറ്റർ ദേശീയപാത വികസനത്തിനായി 25,000കോടി പ്രഖ്യാപിച്ചു.  അടുത്ത മൂന്ന് വർഷത്തേക്ക് സംസ്ഥാനത്ത് 1,300 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുന്നതിന് 34,000 കോടി രൂപ അനുവദിച്ച ധനമന്ത്രി മധുര-കൊല്ലം ഇടനാഴി ഉൾപ്പെടെ തമിഴ്‌നാട്ടിലെ 3,500 കിലോമീറ്റർ ദേശീയപാതയ്ക്ക് 1.03 ലക്ഷം കോടി രൂപയും അനുവദിച്ചു.600 കിലോമീറ്റർ മുംബൈ-കന്യാകുമാരി ദേശീയപാതയ്ക്കും കേരളത്തിലെ 1,100 കിലോമീറ്റർ ദേശീയപാത വികസനത്തിനും വേണ്ടി 65,000 കോടി രൂപയും പ്രഖ്യാപിച്ചു.         ചെന്നൈയും കൊച്ചിയും ഇന്ത്യയിലെ രണ്ട് ഫിഷറീസ് ഹബ്ബുകളായി വികസിപ്പിക്കുമെന്ന പ്രഖ്യാപനത്തിനൊപ്പം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1,957.05 കോടി രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.

-വിഷ്ണു ഗോപാൽ ടി വി