തങ്ങൾ വിചാരിച്ച തരത്തിൽ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന് പരിഹാസ്യരായ കേരളത്തിലെ കോൺഗ്രസ്  ഗ്രൂപ്പ് നേതാക്കൾക്കു  വീണ്ടും പണികിട്ടി . ഹൈകമാൻഡിനോട് പിണങ്ങിയും പരിഭവിച്ചുമിരുന്ന ഗ്രൂപ്പ് നേതാക്കൾക്ക്  വീണ്ടും തിരിച്ചടി കിട്ടിയിരിക്കുന്നു എന്നതാണ് സംസ്ഥാന കോൺഗ്രസിലെ പുതിയ സംഭവവികാസങ്ങൾ  ചൂണ്ടിക്കാണിക്കുന്നത് .ഇത്തവണ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാൻ വേണ്ടി ഹൈകമാൻഡ് നടത്തിയ കൂടിയാലോചനയിൽ ഒരു പേരും നിർദ്ദേശിക്കാതെ പ്രത്യേകതരം പ്രതിഷേധത്തിലായിരിന്നു ഗ്രൂപ്പ് നേതാക്കൾ . തങ്ങൾക്കിഷ്ടപ്പെടാത്തയാളെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിലുള്ള ഇഷ്ടക്കേട് അങ്ങനെയാണ് അവർ പ്രകടിപ്പിച്ചത് .എന്നാൽ ഹൈകമാൻഡ് അനുസരണക്കേടു കാട്ടിയ കുട്ടികളെ ഒരു പാഠം കൂടി പഠിപ്പിക്കാൻ തീരുമാനിച്ചുറച്ചിരുന്നു . ഗ്രൂപ്പ്  നേതാക്കൾ നിരാകരിച്ച കെ സുധാകരനെ തന്നെ കെ പി സി സി അധ്യക്ഷനാക്കികൊണ്ടു ഹൈകമാൻഡ് നൽകിയ തിരിച്ചടി അവിടംകൊണ്ട് തീർന്നില്ല .അധ്യക്ഷനോടൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ കൂടിയങ്ങു നിയമിച്ചു .കൊടിക്കുന്നിൽ സുരേഷ് ,പി ടി തോമസ് ,ടി സിദ്ധിക്ക്  എന്നിവരുടെ വർക്കിങ് പ്രസിഡന്റുമാരായിട്ടുള്ള നിയമനം ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത പ്രഹരമായി. ടി സിദ്ദിഖ് രമേശിനെ പിന്തുണയ്ക്കണം എന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് തള്ളി വി ഡി സതീശന് വേണ്ടി നിലകൊണ്ട നേതാവാണ് . പഴയ പടക്കുതിര പി ടി തോമസ് നേരത്തെ തന്നെ എ ഗ്രൂപ്പിന്റെ പടിക്കു പുറത്താണ് .കൊടിക്കുന്നിൽ സുരേഷും ഇന്ന് എ ഗ്രൂപ്പിന്റെ ഭാഗമല്ല .

കേരളത്തിൽ കോൺഗ്രസ്സിനെ ഇനി നയിക്കാൻ പോകുന്നത് പുതിയ ടീം.


കേരളത്തിലെ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തിരഞ്ഞെടുത്ത വേളയിൽ ഉമ്മൻ ചാണ്ടി രമേശ് എന്നീ ഗ്രൂപ്പ് നേതാക്കളുടെ നിർദ്ദേശത്തിന് വിരുദ്ധമായി ഭൂരിപക്ഷം നേതാക്കളും നിലകൊണ്ടത് കോൺഗ്രസ് ഹൈകമാൻഡ് ശ്രദ്ധിച്ചിരുന്നു . ഹൈകമാൻഡ് സ്വന്തം നിലയ്ക്ക് ഭാരവാഹികളെ നിയമിച്ചതോടെ ഗ്രൂപ്പ് നേതാക്കൾ അസ്വസ്ഥരായി .ഇനി ബാക്കിയുള്ള ഭാരവാഹികളെ സംസ്ഥാനതലത്തിലും താഴോട്ടുള്ള കമ്മറ്റികളിലും നിയമിക്കുമ്പോൾ കെ സുധാകരനെയും വി ഡി സതീശനെയുമായിരിക്കും ഹൈകമാൻഡ് വിശ്വാസത്തിലെടുക്കുന്നത്. അതോടെ നിലവിലെ ഗ്രൂപ്പുകളുടെ  പ്രസക്തി പൂർണ്ണമായും നഷ്ടപ്പെടും.