പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ നിതീഷ് കുമാറിനോടുള്ള എതിർപ്പ് എൻ ഡി എ ക്ക് തലവേദനയാകുമോ? ഇത്തരത്തിലുള്ള ഒരു ചിന്തയും ആശങ്കയും ബി ജെ പി ക്യാമ്പിൽ ഉണ്ടായി തുടങ്ങിയിട്ട് കുറച്ചു കാലമായി .റാം വിലാസ് പാസ്വാന്റെ വിയോഗത്തെ തുടർന്ന് ലോക് ജനശക്തി പാർട്ടിയുടെ നേതൃത്വമേറ്റെടുത്തിരിക്കുകയാണ് ചിരാഗ് പാസ്വാൻ .ഒരേ സമയം മുഖ്യമന്ത്രി നിതീഷ് കുമാറിനെ എതിർക്കുകയും അതോടൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്യുന്ന ചിരാഗിന്റെ നിലപാടാണ് എൻ ഡി എ യെ വിഷമിപ്പിക്കുന്നത് .നിതീഷിന് വേണ്ടി സംസ്ഥാന ബി ജെ പി നേതാക്കൾ ചിരാഗിനെതിരെ വിമർശനങ്ങൾ തൊടുക്കുന്നതിനിടയ്ക്ക് നരേന്ദ്ര മോദിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ട്വീറ്റ് സന്ദേശം പുറത്തുവന്നു .തന്റെ അച്ഛൻ ആശുപത്രിയിലായിരുന്ന വേളയിലും ഒടുവിൽ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടന്നപ്പോഴും പ്രധാനമന്ത്രി നൽകിയ പരിഗണനയും കരുതലും മറക്കാനാകില്ല എന്നായിരുന്നു ട്വീറ്റ് .പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ നല്ല ബന്ധം പ്രദർശിപ്പിക്കാൻ താനില്ല എന്നും ചിരാഗ് പറയുന്നു .
ഇന്നലെ കേന്ദ്ര മന്ത്രി അമിത്ഷാ ബിഹാറിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് പ്രസ്താവിച്ചു . ചിരാഗിന്റെ നിതീഷ് കുമാറിനോടുള്ള എതിർപ്പ് ജനങ്ങൾക്കിടയിലുള്ള ഭരണ വിരുദ്ധ വികാരം അതിജീവിക്കാനുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത് .കഴിയുന്നത്ര സീറ്റുകൾ ബീഹാറിൽ നേടിയ ശേഷം എൻ ഡി എ മുന്നണിയിൽ തന്നെ തുടരാനാകും ചിരാഗിന്റെ ലോക് ജനശക്തി ശ്രമിക്കുക .

ഭരണത്തിലിരുന്ന ആർ ജെ ഡി -കോൺഗ്രസ്-ജെ ഡി യു (നിതീഷ് ) മഹാസഖ്യം പൊളിച്ച നിതീഷ് ബി ജെ പി യുമായി കൈകോർത്ത് ഭരണം നിലനിർത്തി .ഇപ്പോൾ വീണ്ടും നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയാണ് എൻ ഡി എ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത് .