എടത്വ: ഭിന്നശേഷിയായ കുട്ടി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് പതിനായിരം രൂപ. തലവടി തുണ്ടിയില്‍ നടുവിലെ മുറിയിൽ ചക്കുളത്തമ്മ ഡെക്കറേഷൻ പ്രൊപ്രൈറ്റർ ടി.എസ് മനോജിന്റേയും ബിന്ദുവിന്റേയും മകനായ കാര്‍ത്തിക് മനോജാണ് പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് അയ്യായിരം രൂപ വീതം പതിനായിരം രൂപാ നല്‍കിയത്.

കഴിഞ്ഞ ആറ് മാസമായി ലഭിച്ച വികലാംഗ പെന്‍ഷന്‍ തുകയാണ് നല്‍കിയത്. ആനപ്രമ്പാല്‍ ദേവസ്വം യുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കുട്ടനാട് തഹസില്‍ദാര്‍ വിജയസേനന്‍ കാര്‍ത്തിക് മനോജിന്റെ കയ്യില്‍ നിന്ന് തുക ഏറ്റുവാങ്ങി. ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ സുഭാഷ്, ശ്രീകുമാര്‍,സജീവ്, ബിജെപി ജില്ല പ്രസിഡന്റ് എം.വി ഗോപകുമാര്‍, ജനറല്‍ സെക്രട്ടറി പി.കെ വാസുദേവന്‍, ജില്ല സേവക് പ്രമുഖ് കെ. ബിജു, പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, വിജയകുമാര്‍, റ്റി.ഡി സുരേന്ദ്രന്‍, പി.ആര്‍ സന്തോഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ലോക്ക് ഡൗൺ കാലയളവിൽ ടി.എസ് മനോജ് നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളെ സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.