തിരിച്ചു വരുമോ രാഹുൽ ? അതോ കോൺഗ്രസിന് പുതിയ അദ്ധ്യക്ഷനോ ?

ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി .കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് .അനാരോഗ്യം അലട്ടുന്നുണ്ടെങ്കിലും തന്നാൽ കഴിയും വിധം സോണിയ കാര്യങ്ങൾ മുന്നോട്ടു നീക്കുന്നുണ്ട് .അന്യ സംസ്ഥാന തൊഴിലാളികളെ തിരിച്ചു സ്വന്തം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കാതിരുന്നപ്പോൾ സോണിയയുടെ കോൺഗ്രസ് തൊഴിലാളികളെ സഹായിക്കാൻ മുന്നിട്ടിറങ്ങി . അവരുടെ യാത്ര ചെലവ് വഹിക്കാൻ സംസ്ഥാന കോൺഗ്രസ് കമ്മറ്റികൾക്കു നൽകിയ നിർദേശം എല്ലായിടത്തും പാർട്ടി ഭാരവാഹികൾ നടപ്പിലാക്കിയപ്പോൾ ആ നീക്കം അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു .
മധ്യപ്രദേശിൽ ജ്യോതിരാദിത്യയുടെ കൂറുമാറ്റം ഭരണം നഷ്ടപ്പെടുത്തിയത് കോൺഗ്രസിന് ക്ഷീണമായി . രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് നടത്തിയ വിമതനീക്കം വിജയം കാണാത്തതിൽ തല്ക്കാലം കോൺഗ്രസിന് ആശ്വസിക്കാം .സച്ചിൻ തിരിച്ചെത്തിയതോടെ അവിടത്തെ ഭരണപ്രതിസന്ധി നീങ്ങി .


കോൺഗ്രസിന് ഒരു മുഴുവൻ സമയ അദ്ധ്യക്ഷൻ വേണം . കോൺഗ്രസ് നേതാക്കളുടെ പൊതുവായ വികാരം കോൺഗ്രസ് പാർട്ടിക്ക് ഒരു മുഴുവൻ സമയ അദ്ധ്യക്ഷൻ വേണം എന്നതാണ് .ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസ് ദയനീയമായി തകർന്നപ്പോൾ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാഹുൽഗാന്ധി ഇട്ടെറിഞ്ഞു .പുതിയൊരു അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ചെന്നവസാനിച്ചത് സോണിയയിലാണ് .അങ്ങനെ കോൺഗ്രസിന് ഒരു ഇടക്കാല അദ്ധ്യക്ഷയുണ്ടായി വീണ്ടും സോണിയ ഗാന്ധി കോൺഗ്രസിന്റെ നേതൃത്വമേറ്റെടുത്തു .അവിടം മുതൽക്കേ നിരവധി നേതാക്കൾ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു .എന്നാൽ അദ്ധ്യക്ഷപദം വീണ്ടും ഏറ്റെടുക്കില്ല എന്ന തീരുമാനത്തിൽ രാഹുൽ ഉറച്ചു തന്നെ നിൽക്കുന്നു .

തുടക്കം മുതൽക്കേ ശശി തരൂർ പറയുന്നത് …
കോൺഗ്രസിൽ നേതൃത്വ പ്രതിസന്ധി ഉണ്ടായ നാൾ മുതൽക്കേ ശശി തരൂരിന്റെ അഭിപ്രായത്തിനു മാറ്റമില്ല .രാഹുൽ ഗാന്ധിക്ക് കോൺഗ്രസ്സിനെ നയിക്കാൻ കഴിയും .എന്നാൽ രാഹുൽ നേതൃത്വമേറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ പുതിയൊരാളെ കണ്ടെത്തണമെന്ന് തരൂർ പറയുന്നു .ബി ജെ പിയിൽ നിന്നും കടുത്ത വെല്ലുവിളികൾ നേരിടുന്ന കോൺഗ്രസ്സിന് ഒരു മുഴുവൻ സമയ അദ്ധ്യക്ഷൻ കൂടിയേ കഴിയൂ .അധ്യക്ഷ സ്ഥാനത്തു സോണിയ ഇനിയും തുടരുന്നത് നീതിയല്ല എന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു .
രമേശിന്റെ കത്ത്
രാഹുൽഗാന്ധി കോൺഗ്രസ് നേതൃത്വമേറ്റെടുക്കണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിക്ക് കത്തയച്ചിരിക്കുകയാണ് . രാഹുൽ ഗാന്ധി എന്നല്ലാതെ വേറൊരു പേരിനും പൊതു സ്വീകാര്യത കോൺഗ്രസിനുള്ളിൽ കിട്ടില്ല എന്നതാണ് രാഹുൽ മന്ത്രം മാത്രം ഉരുവിടുന്ന കോൺഗ്രസ് നേതാക്കളുടെ വാദത്തിന്റെ അടിസ്ഥാനം .
കാര്യങ്ങൾ ഇങ്ങനൊക്കെ നടക്കുമ്പോഴും രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ല എന്നുതന്നെ പറയുന്നു .എന്നാൽ സോണിയക്ക് രാഹുൽ തിരിച്ചുവരണം എന്നാണ് ആഗ്രഹം .മുതിർന്ന നേതാക്കൾ പൂർണ്ണ മൗനത്തിലാണ് .യാതൊരു വിധ നേതൃത്വ പ്രശ്നങ്ങളുമില്ല കോൺഗ്രസിൽ എന്ന മട്ടിലാണവർ കഴിയുന്നത് .എന്താകുമെന്ന് കാത്തിരുന്നു തന്നെ കാണാം .