ലക്നൗ :ചികിത്സയിലിരിക്കെ മരണപ്പെട്ട കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം അതീവ രഹസ്യമായി പോലീസ് സംസ്കരിച്ചു. തുടർന്ന് വലിയ പ്രതിഷേധം യു പിയിലാകെ ഉയർന്നിരിക്കയാണ് . പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ ബലപ്രയോഗം വിഷയത്തെ കൂടുതൽ ഗൗരവകരമാക്കിയിരിക്കുന്നു . മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ടിരിക്കയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വദ്ര. ദളിത് സമൂഹത്തിനും സ്ത്രീകൾക്കും പ്രത്യേകിച്ച് പാവങ്ങൾക്ക് നീതി ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ നടന്നിരിക്കുന്നത് എന്ന് പ്രിയങ്ക ആരോപിച്ചു .
പത്തൊൻപതു വയസ്സുള്ള ദളിത് യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായി.കൊടിയ പീഡനത്തിൽ അവളുടെ നട്ടെല്ല് തകർന്നു ,നാവ് അക്രമികൾ മുറിച്ചെടുത്തു .അതിക്രൂരമായ പീഡനമാണ് യുവതിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.ചികിത്സയിലിരിക്കെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു .
പ്രസ്തുത വിഷയത്തിൽ അതിവേഗ വിചാരണ ഉറപ്പാക്കും എന്നും നീതി നടപ്പാക്കും എന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചു .