ദില്ലി :കോൺഗ്രസ് ഹൈകമാൻഡ് ഇന്ന് കേരളത്തിലെ സംഘടനകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളും .അതിലേക്കായുള്ള യോഗം ഇന്ന് കൂടിച്ചേരും.തദ്ദേശ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡിനു കേരളാ നേതാക്കൾക്കുമേൽ ഇടപെടാൻ അവസരമുണ്ടായിരിക്കുകയാണ് .
ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ കേരളാ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട് .ഉമ്മൻചാണ്ടി മുൻനിരയിൽ പ്രധാന ചുമതലയുമായി വരും എന്നാണ് സൂചനകൾ.കേരളത്തിലെ കോൺഗ്രസിലെ ഒരു പ്രധാന വിഭാഗത്തെ നയിക്കുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലേക്കുള്ള വരവ് പാർട്ടിക്ക് ഗുണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവി കാരണം രമേശ്‌ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിയെ സ്വാഗതം ചെയ്യേണ്ട അവസ്ഥയാണ് .തദ്ദേശ തിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി സജീവമായി പ്രചാരണത്തിനിറങ്ങിയ മധ്യകേരളത്തിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാനായില്ല എന്നതാണ് സംസ്ഥാനത്തു നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യം .
സ്ഥാനാർഥി നിർണ്ണയത്തിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചും ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും കൂടാതെ ഡി സി സി പുനഃസംഘടനയും ചർച്ചയാകും .നേരത്തെ മോശം ഡി സി സികളെ കുറിച്ചുള്ള റിപ്പോർട്ടും മറ്റും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു .എന്നാൽ അതിനോട് കേരളാ നേതാക്കൾ നല്ല രീതിയിലുള്ള പ്രതികരിച്ചത് എന്നതിൽ ഹൈകമാൻഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു .ഈ അവസരത്തിൽ ഡി സി സി നേതൃത്വത്തിൽ മാറ്റമുണ്ടാക്കുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ഡി സി സി പ്രസിഡന്റുമാരെയും മാറ്റണം എന്നാണ് കേരളാ നേതാക്കൾ പറയുന്നത് .