തിരുവനന്തപുരം : ദേശീയ നേതൃത്വം കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചുമതലപ്പെടുത്തിയ താരിഖ് അൻവർ കെ പി സി സി ആസ്ഥാനത്തു എത്തിയ ദിനം പലവിധ നിലപാടുകളുമായി കോൺഗ്രസ് നേതാക്കൾ എത്തി . പാരമ്പരാഗതമേഖലകളിൽ വോട്ടു നഷ്ടപ്പെട്ടത് തിരിച്ചറിയാൻ നേതൃത്വത്തിന് കഴിഞ്ഞില്ല .വെൽഫെയറുമായുള്ള ബന്ധം വിവാദമാക്കിയതും പ്രതികൂലമായി ബാധിച്ചു .നേതൃത്വം നിഷ്ക്രിയം എന്നാണ് ഉയർന്ന പൊതുവികാരം .മതിയായ മുന്നൊരുക്കമോ സ്ഥാനാർത്ഥികൾക്ക് പ്രചാരണ സാമഗ്രഹികൾ എത്തിക്കാനോ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് വിമർശിക്കുന്ന നേതാക്കളുടെ കണ്ടെത്തൽ .
എന്നാൽ നേതൃ മാറ്റ സൂചനകൾ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് താരിഖ് അൻവറും ഉമ്മൻചാണ്ടിയും നടത്തിയത് .വളരെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃ മാറ്റം ഗുണത്തേക്കാൾ ദോഷമാകും ഉണ്ടാക്കുക എന്നാണ് എ ഗ്രൂപ്പ് നേതാക്കൾ കരുതുന്നത് .
കെ സുധാകരന് വേണ്ടി പോസ്റ്ററുകളും ബോർഡുകളും പത്തനംതിട്ട ,കോഴിക്കോട്,കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ വീണ്ടും ഉയർന്നു.ജില്ലാ കോൺഗ്രസ് ആസ്ഥാനങ്ങളുടെ മുൻപിലാണ് പോസ്റ്ററുകളും ബോർഡുകളും സ്ഥാപിച്ചത് .നയിക്കാൻ സുധാകരനുണ്ടെങ്കിൽ പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാർ എന്നാണ് ബോർഡുകളിൽ നിറയുന്ന ആഹ്വാനം .
കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കാര്യം പരുങ്ങലിലാണ് .കാര്യമായ ഗ്രൂപ്പ് സംവിധാനമോ അനുയായികളോ മുല്ലപ്പള്ളി രാമചന്ദ്രന് സംസ്ഥാനത്തു ഇല്ല എന്നത് കാര്യമായ ഒറ്റപ്പെടലിലേക്കാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ഡി സി സികളിൽ പ്രസിഡന്റിനെ മാറ്റണം എന്ന് ടി എൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു.സംസ്ഥാന നേതൃത്വം കെട്ടുറപ്പോടെ പ്രവർത്തിച്ചില്ല എന്ന് വി ഡി സതീശൻ എം എൽ എ ആരോപിച്ചു .സമാനമായി തോൽവിയിൽ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ട് എന്ന് അടൂർ പ്രകാശും അഭിപ്രായപ്പെട്ടു .
രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യമുയർത്തി നവജീവൻ കോൺഗ്രസ് മൂവ്മെന്റ് എന്ന സംഘടന കെ പി ആസ്ഥാന പരിസരത്തു ബോർഡുകൾ സ്ഥാപിച്ചു .മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ നേതൃത്വത്തിലാണ് നവജീവന്റെ പ്രവർത്തനം .