രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമായി നേമം മാറുന്നു .കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതു വഴി കോൺഗ്രസ് ഉന്നംവയ്ക്കുന്ന ചിലതുണ്ട് . ബി ജെ പിയെ എതിർക്കുന്നതിൽ തങ്ങളാണ് മുന്നിൽ എന്ന ഇടതുപക്ഷത്തിന്റെ അവകാശവാദത്തിന്റെ മുനയൊടിക്കാം .നേമം മണ്ഡലം കേരളത്തിൽ ആദ്യമായി ബി ജെ പി അക്കൗണ്ട് തുറന്ന സീറ്റാണ് .നേമം കേരളത്തിലെ ഗുജറാത്താണ് എന്നാണു ബി ജെ പി നേതാക്കളുടെ അവകാശവാദം. നേമത്ത് മുരളിയെ പരിഗണിക്കുന്നത് വഴി ശക്തമായ രാഷ്ട്രീയ സന്ദേശം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത് .മത ന്യുനപക്ഷ വിഭാഗങ്ങളെ തങ്ങൾക്കൊപ്പം നിർത്താൻ ഈ നീക്കത്തോടെ കഴിയും എന്ന പ്രതീക്ഷയും കോൺഗ്രസ് നേതാക്കൾക്കുണ്ട് .ഉമ്മൻചാണ്ടിയുടെ പേരും മണ്ഡലത്തിലേക്ക് സജീവമായി പരിഗണിച്ചിരുന്നു എങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നില്ല . മുരളി
നേമത്തു മത്സരിക്കാൻ സന്നദ്ധത അറിയിച്ചതോടെ കോൺഗ്രസിന്റെ നേതൃ സമവാക്യങ്ങൾ തന്നെ മാറിത്തുടങ്ങി .മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ആകെ ആവേശത്തിലാണ് .
കെ മുരളീധരനെ പരിഗണിച്ചാൽ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്ന എം പി മാരായ കെ സുധാകരനെയും അടൂർ പ്രകാശിനെയും അനുനയിപ്പിക്കുന്നതാണ് കോൺഗ്രസ് ഹൈകമാൻഡ് നേരിടുന്ന വെല്ലുവിളി .കെ മുരളീധരൻ എന്ന ഒരു എം പിക്ക് മാത്രം മത്സരിക്കാൻ ഇളവ് നൽകുന്ന കാര്യമാണ് ഇപ്പോൾ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത് .