കൊറോണ എന്ന മഹാവ്യാധി കാരണം  മാര്‍ച്ച് മുതല്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. അതിനാല്‍ തന്നെ ഓണക്കാലത്തെ തിയേറ്റര്‍ റിലീസ് ഇത്തവണയുണ്ടാകില്ല. തിയേറ്ററുകള്‍ എന്നു തുറക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ പാരലല്‍ ഫ്‌ളാറ്റ്‌ഫോമുകളില്‍ റിലീസിന് ഒരുങ്ങുകയാണ് ഏതാനും മലയാള ചിത്രങ്ങള്‍. ഫഹദ് നായകാനായെത്തുന്ന ‘സീ യു സൂണ്‍’ , ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ജേക്കബ് ഗ്രിഗറി നായകനാവുന്ന ‘മണിയറയിലെ അശോകന്‍‘, ടൊവിനോ നായകനാകുന്ന ‘കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്’ എന്നിവയാണ് ഈ ഓണക്കാലത്ത് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍. ഇതില്‍ രണ്ടു ചിത്രങ്ങള്‍ ഒടിടി ഫ്‌ളാറ്റ്‌ഫോമിലും ഒരു ചിത്രം ടെലിവിഷന്‍ റിലീസുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ടൊവിനോ ചിത്രം കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ആണ് ആദ്യമായി ടെലിവിഷനിലൂടെ റിലീസിനെത്തുന്ന ചിത്രം. ഓണം നാളില്‍ ഏഷ്യാനെറ്റ് ചാനലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകന്‍ മഹേഷ് നാരായണനും പ്രിയതാരം ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന സീ യു സൂണ്‍ ഒടിടി ഫ്‌ളാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുന്നത്. ഫഹദിനൊപ്പം റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. സെപ്തംബര്‍ 1 മുതല്‍ ആമസോണ്‍ പ്രൈംവീഡിയോയില്‍ ചിത്രം കാണാം. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍ തിരുവോണദിനമായ ആഗസ്റ്റ് 31 ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളിക്‌സ് നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യമലയാളചിത്രം കൂടിയാണിത്. നവാഗതനായ ഷംസു സായ്ബാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗ്രിഗറിയും, അനുപമ പരമേശ്വരനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍സല്‍മാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇത്തവണ തിയേറ്റര്‍ റിലീസ് ഇല്ലെന്നത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും വീട്ടിലിരുന്ന് ഓണം ആഘോഷിക്കേണ്ടി വരുന്ന മലയാളിക്ക് വേണ്ടതെല്ലാം വിരല്‍തുമ്പിലുണ്ടെന്നത് ആശ്വാസം നല്‍കുന്നു.