തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി കേരളത്തിൽ നിലനിൽക്കുന്ന പാറ്റേർണിൽ തന്നെയാണ് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിഎംപി കരുതുന്നു. പാർലമെന്റിൽ യുഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും നിയമസഭയിൽ യുഡിഎഫ് എൽഡി എഫ് മാറിമറിഞ്ഞും വിജയിക്കുക എന്നതാണ് പതിവ് രീതി. ഇത്തവണ 21908 സീറ്റിൽ 10114 സീറ്റ് നേടിയ എൽഡിഎഫ് ഭൂരിപക്ഷം സീറ്റ് നേടാൻ പോലും സാധിക്കാതെയാണ് വൻവിജയമെന്ന് പെരുമ്പറ മുഴക്കുന്നത്. യുഡിഎഫ് 8022 സീറ്റ്മായി തൊട്ടു പുറകിൽ തന്നെയുണ്ട്. ബിജെപിക്ക് കാര്യമായ വർദ്ധനവില്ല. 1600സീറ്റുകളിൽ മാത്രമാണ് അവർ വിജയിച്ചത്. എൽഡിഎഫിന് കുറെ സ്ഥലത്ത് വിജയിപ്പിക്കുവാൻ മാത്രമാണ് ബിജെപിയുടെ വ്യാപകമായ പ്രവർത്തനം കൊണ്ട് സാധിച്ചത്. എന്നാൽ ഈ മൂന്ന് മുന്നണികൾക്കും പുറത്ത് 2115പേർ വിജയിച്ചിട്ടുണ്ട്. ഏതാണ്ട് 10 ശതമാനം വിജയികളും ദേശീയ പാർട്ടികൾ നേതൃത്വം നൽകുന്ന സഖ്യങ്ങളിൽ അംഗങ്ങളല്ല. ഇവർക്ക് വോട്ട് ചെയ്തവരിൽ ഭൂരിപക്ഷം പേരും നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്താങ്ങുമെന്ന് എല്ലാപേര്ക്കുമറിയാം. ഈ സാഹചര്യത്തിൽ നന്നായി പ്രവർത്തിച്ചാൽ കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതീകമായ യുഡിഎഫിന് ഭരണം തിരിച്ചുപിടിക്കാനും ഫാസിസ്റ്റ സോഷ്യൽ ഫാസിസ്റ്റ് ശക്തികളെ കേരളീയ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്തുവാൻ സാധിക്കുമെന്ന് സിഎംപി കരുതുന്നു. അതുകൊണ്ട് യുഡിഎഫ് എംപികൂടിയായ കോൺഗ്രസിന്റെയും ഇന്ത്യൻ ജനാതിപത്യ രാഷ്ട്രീയത്തിന്റെയും അനിഷേധ്യ നേതാവ് രാഹുൽ ഗാന്ധി കേരളത്തിൽ കൂടുതൽ സമയം ചെലവഴിച്ചു പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കണം. മുസ്ലിം ലീഗ് നേതാവ് കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ പാർട്ടി സ്വാഗതം ചെയ്യുന്നു. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം ക്രിസ്ത്യൻ മതവിശ്വാസികളെ തമ്മിലടിപ്പിച്ചു ജയിക്കാമെന്ന പിണറായിയുടെ തന്ത്രം വിലപ്പോവില്ല. അതിനെതിരെ ജാഗ്രത പുലർത്താൻ മതേതര വിശ്വാസികൾ രംഗത്ത് വരണമെന്ന് പാർട്ടി അഭ്യർത്ഥിക്കുന്നു. 1987യിലെ തിരഞ്ഞെടുപ്പിൽ ഇഎംഎസ് അനുവർത്തിച്ച മൃദു ഹിന്ദുത്വ മുസ്ലിം വിരുദ്ധ സമീപനംകൊണ്ട് 2021ലും വിജയിക്കാമെന്ന പിണറായിയുടെ മോഹം പൂവണിയാൻ പോകുന്നില്ല എന്ന് സിപി ജോൺ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നവവത്സര തമാശ മാത്രം. ഇന്ന് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം 100ദിവസംകൊണ്ട് 10000കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ പ്രഖ്യാപനം കേരളത്തിലെ ജനങ്ങൾക്ക് നൽകിയ നവവത്സര തമാശ അഥവാ ന്യൂ ഇയർ ജോക്ക് മാത്രമാണെന്ന് സിപി ജോൺ പറഞ്ഞു. പത്രസമ്മേളനത്തിൽ സിഎംപി അസിസ്റ്റന്റ് സെക്രട്ടറി എംപി സാജു, ജില്ല സെക്രട്ടറി എംആർ മനോജ് തുടങ്ങിയവർ പങ്കെടുത്തു.
