വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ഫാം ഉടമ പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം സ്വദേശി പടിഞ്ഞാറെ ചരുവിൽ പി.പി. മത്തായി കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കത്ത് നൽകി.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളും നിയമലംഘനങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാണ്. ഒരാളെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ചെയ്യേണ്ട ഒരു നടപടിയും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. എല്ലാ നിയമങ്ങളും കോടതി നിർദ്ദേശങ്ങളും മനുഷ്യാവകാശങ്ങളും കാറ്റിൽ പറത്തിയാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

ഈ വിഷയത്തിൽ കുറ്റവാളികളെ ക്രിമിനൽ കുറ്റം ചുമത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മത്തായിയുടെ മരണത്തോടെ മൂന്ന് കുടുംബങ്ങളാണ് അനാഥമായത്. ഇവർക്ക് സാമ്പത്തിക സഹായവും ഭാര്യക്ക് ജോലിയും നൽകണം. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം എന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു .
മത്തായിയുടെ ഭവനം ഉമ്മൻ‌ചാണ്ടി സന്ദർശിക്കുകയുണ്ടായി .ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തു .