കോവിഡും, ലോക്ക്ഡൗണും കാരണം ഏറെ നഷ്ടം നേരിട്ടുകൊണ്ടിരിക്കുന്ന ഇന്‍ഡസ്ട്രികളില്‍ ഒന്ന് സിനിമാമേഖലയാണ്. ആവശ്യവസ്തുക്കളില്‍ ഏറ്റവും അവസാനം വരുന്നതും ഈ മേഖല തന്നെയാണ്. ലോകത്ത് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഇനിയെന്ത് എന്നറിയാത്ത അനിശ്ചിതത്തിലാണ്. കോവിഡാനന്തര സിനിമയുടെ നിലനില്‍പ്പിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എസ്.ഐ.സി.ഐ സംഘടിപ്പിച്ച വൈബ്‌സെമിനാറില്‍ സംവിധായകന്‍ മണിരത്‌നം പങ്കെടുക്കവെയാണ് നിലവിലെ പ്രതിസന്ധിയെ നമ്മള്‍ ഒന്നായി മറികടക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഈയൊരവസ്ഥയില്‍ നിന്ന് സിനിമാമേഖല ഉയര്‍ന്നു വരണമെങ്കില്‍ താരങ്ങള്‍ പ്രതിഫലം കുറയ്‌ക്കേണ്ടി വരുമെന്നും, ഈ മേഖല പഴയപോലെ ആകുന്നതുവരെ താരങ്ങളും, സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം സഹകരിക്കണം എന്നാല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകള്‍ സര്‍ക്കാര്‍ തുറക്കാന്‍ തീരുമാനിച്ചാലും ജനങ്ങള്‍ വരാന്‍ മടിക്കും. സര്‍ക്കാരിന്റെ സഹായമില്ലാതെ സിനിമാവ്യവസായത്തിന് ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണവും തടസ്സപ്പെട്ടിരിക്കുകയാണ്. വലിയ ആള്‍ക്കൂട്ടമുള്ള സീനുകള്‍ ആവശ്യമായി വരുന്ന സിനിമ കൂടിയാണിത്. നിലവിലെ സാഹചര്യത്തില്‍ അത് ബുദ്ധിമുട്ടേറിയതാണെങ്കിലും തന്റെ സ്വപ്‌നപദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ വിക്രം, ഐശ്വര്യറായ്, തൃഷ, വിജയ് സേതുപതി തുടങ്ങിയ വന്‍ താരനിര തന്നെ അഭിനയിക്കുന്നുണ്ട്.