മഹാരാഷ്ട്രയിൽ സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നല്ലാതെ സർക്കാരിന്റെ ഭരണത്തിൽ പ്രധാന ഭാഗമല്ല കോൺഗ്രസ് എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ വിമർശിച്ച് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരിക്കയാണ് .കൊറോണ വൈറസ് പ്രതിരോധത്തിൽ സംസ്ഥാനം പരാജയപ്പെട്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ആവശ്യപ്പെട്ടിരിക്കയാണ് പ്രതിപക്ഷ നേതാക്കൾ .കോൺഗ്രസ് മഹാരാഷ്ട്രയിലെ സർക്കാരിന്റെ അഥവാ മഹാ വികാസ് അഘാടിയുടെ ഭാഗമാണ്, സർക്കാരിലും അവർ ഭാഗമാണ്. അങ്ങനെയുള്ളപ്പോൾ രാഹുൽ തന്റെ പാർട്ടിക്ക് സർക്കാരിൽ ഉത്തരവാദിത്തമില്ല എന്ന രീതിയിൽ പ്രതികരിച്ചത് തങ്ങൾക്കു സംസ്ഥാനത്തിന്റെ ദുരവസ്ഥയിൽ ഉത്തരവാദിത്തമില്ല എന്നും മോശം അവസ്ഥയ്ക്ക് ഉദ്ധവ് താക്കറെയും ശിവസേനയുമാണ് ഉത്തരവാദികൾ എന്നാണ് അർഥമാക്കുന്നതെന്നും ഫഡ്നാവിസ് ആരോപിക്കുന്നു .
എൻ സി പി അധ്യക്ഷൻ ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിപദം ലക്ഷ്യമാക്കി കരുക്കൾ നീക്കുന്നു എന്നാണു പ്രചരിക്കപ്പെടുന്നത് .എന്നാൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ എല്ലാവരെയും വിശ്വാസത്തിലെടുത്താണ് മുൻപോട്ടു പോകുന്നതെന്ന് സേന നേതാക്കൾ പ്രതികരിച്ചു .സുബ്രമണ്യ സ്വാമിയും നാരായൺ റാണെയും സംസ്ഥാനത്തു രാഷ്ട്രപതിഭരണം ആവശ്യപ്പെട്ടിട്ടുണ്ട് .സംസ്ഥാന ഭരണം അട്ടിമറിക്കാൻ സാധ്യതയുണ്ടെങ്കിൽ അതിനു ബി ജെ പി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുണ്ട് എന്നറിയുന്നു .