ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ് മെയ് 28ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യാന്‍ റെക്കോര്‍ഡ് തുകയുടെ ഓഫറുകളാണ് പല പ്ലാറ്റ്ഫോമുകളില്‍ നിന്നായി ലഭിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എങ്കിലും ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മികച്ചൊരു തിയേറ്റര്‍ അനുഭവം ഒടിടി റിലീസിലൂടെ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടിയാണിത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
കേരളം, അഹമ്മദാബാദ്, ബോംബെ, ദൂബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറുമാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറിപ്പിന് വേണ്ടി നടത്തിയത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഡബ്ബിങെല്ലാം പൂര്‍ത്തിയായതാണ്. ജിതിന് കെ.ജോസഫ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും, കെ.എസ്.അരവിന്ദും ചേര്‍ന്നാണ്. മൂത്തോന് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക.
ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്, പി.ബാലചന്ദ്രന്, സുരഭി ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.